India
അയാൾ എന്റെ ബന്ധുവാണ്; തല്ലിയതിനെ ന്യായീകരിച്ച് ശിവകുമാർ
India

'അയാൾ എന്റെ ബന്ധുവാണ്'; തല്ലിയതിനെ ന്യായീകരിച്ച് ശിവകുമാർ

Web Desk
|
12 July 2021 4:20 AM GMT

പ്രവർത്തകനെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ ​സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് ശിവകുമാറിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്

ശിരീരത്തിൽ കൈവെച്ച പാർട്ടി പ്രവർത്തകനെ തല്ലിയതിൽ വിശദീകരണവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ. തന്റെ ബന്ധുവായ വ്യക്തിയെയാണ് തല്ലിയതെന്ന് ശിവകുമാർ പറഞ്ഞു. തല്ലുന്നതിന്റെ വീഡിയോ ​സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് ശിവകുമാറിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് വിശദീകരണം.

'അയാള്‍ എന്‍റെ ബന്ധുവാണ്. അദ്ദേഹം എന്നെ ചീത്ത വിളിച്ചാല്‍ ഞാന്‍ കേള്‍ക്കും, ഞാനും അയാളെ ചീത്തവിളിക്കും, അയാള്‍ കേള്‍ക്കും. കാരണം പ്രശ്നം ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലാണ്.'– ശിവകുമാര്‍ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന മുൻ എം.പി.മാദേഗൗഡയെ സന്ദർശിച്ച്​ ശിവകുമാറും പ്രവർത്തകരും മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.

കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ ഒരു പ്രവർത്തകൻ ശിവകുമാറിന്‍റെ ശരീരത്തിൽ കൈവെക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം കൈ തട്ടിമാറ്റുകയും ഇടതുകൈ കൊണ്ട്​ പ്രവർത്തകന്‍റെ കരണത്തടിക്കുകയും ചെയ്തു. ശിവകുമാർ പ്രവർത്തകനെ അടിക്കുന്നത്​ വീഡിയോയിൽ വ്യക്​തമായി കാണാം.

'ഈ സ്ഥലത്ത് എന്തിനാണ്​ ഇങ്ങനെ പെരുമാറിയത്​? നിങ്ങള്‍ക്ക് ഞാൻ എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്​. പക്ഷേ, ഇങ്ങനെ ചെയ്യാമെന്ന് അതിനർഥമില്ല' എന്നും ശിവകുമാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തിരുന്നു. സ്വന്തം പ്രവര്‍ത്തകരോട് പോലും ഡി.കെ. ശിവകുമാറിന്‍റെ പെരുമാറ്റം നിന്ദ്യമാണെന്നും അഹങ്കാരത്തോടെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബി.ജെ.പി വക്താവ് എസ്. പ്രകാശ് കുറ്റപ്പെടുത്തി. പൊതുജീവിതത്തി​ൽ പുലർത്തേണ്ട യാതൊരു മാന്യതയും പാലിക്കാത്ത ഇത്തരത്തിലുള്ള വ്യക്തിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ്​ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളുടെ കൈ ഡി.കെ. ശിവകുമാര്‍ തട്ടിമാറ്റിയത് വിവാദമായിരുന്നു.

Similar Posts