India
അയോധ്യ പള്ളി ഇപ്പോഴും കടലാസിൽ തന്നെ; 5 വർഷത്തിനുള്ളിൽ സമാഹരിച്ചത് വെറും 90 ലക്ഷം
India

അയോധ്യ പള്ളി ഇപ്പോഴും കടലാസിൽ തന്നെ; 5 വർഷത്തിനുള്ളിൽ സമാഹരിച്ചത് വെറും 90 ലക്ഷം

Web Desk
|
10 Sep 2024 11:11 AM GMT

പള്ളിനിർമ്മാണവുമായി ബന്ധ​പ്പെട്ട അപേക്ഷകളിൽ സർക്കാർ സംവിധാനങ്ങൾ അസാധാരണമായ മെല്ലെപ്പോക്കാണ് നടത്തുന്നതെന്ന് ട്രസ്റ്റ് അംഗങ്ങൾ പറയുന്നു

ലഖ്നൗ: ബാബരി മസ്ജിദ് തകർത്തയിടത്ത് പണിത രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞെങ്കിലും അയോധ്യയിലെ പള്ളിക്കായി ഇതുവരെ ഒരു കല്ല് പോലും ഇട്ടിട്ടില്ല. ബിജെപി നേതാവായ ഹാജി അർഫാത് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള മസ്ജിദ് വികസന സമിതി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സമാഹരിച്ചതാകട്ടെ 90 ലക്ഷം രൂപമാത്രം. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് എന്തുകൊണ്ടാണ് പള്ളിക്കായി ഒരു ഇഷ്ടിക പോലും വെച്ചില്ലെന്ന ചോദ്യമാണ് വിവിധയിടങ്ങളിൽ നിന്ന് ഉയരുന്നത്. രാമക്ഷേത്രത്തിനൊപ്പം പള്ളിയും പണിയണമെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞ ജനുവരിയിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്.

അയോധ്യയിലെ ഒരു പ്രധാന സ്ഥലത്ത് ഭൂമി അനുവദിക്കണമെന്നായിരുന്നു ഉത്തരവെങ്കിലും ബാബരി മസ്ജിദ് നിന്നയിടത്ത് നിന്ന് 25 കി.മീ അകലെയാണ് ഭൂമി അനുവദിച്ചത്. സുന്നി വഖഫ് ബോർഡിന് അനുവദിച്ച അഞ്ച് ഏക്കർ ഭൂമി ഇപ്പോൾ കാട് പിടിച്ചുകിടക്കുകയാണ്. നിർദ്ദിഷ്ട മസ്ജിദിന്റെ ചിത്രമുള്ള ഒരു ബോർഡ് മാത്രമാണിപ്പോഴതിലുള്ളത്. പള്ളിയുടെ നിർമ്മാണ ചുമതലയുള്ള ട്രസ്റ്റ് 2020 ഡിസംബറിൽ നിർദ്ദിഷ്ട പള്ളിയുടെ ഡിസൈൻ പുറത്തുവിട്ടിരുന്നു. നാല് വർഷം പിന്നിട്ടിട്ടും ആ പേപ്പറിലെ വരയിലൊതുങ്ങിയിരിക്കുകയാണ് പള്ളി. പള്ളിനിർമ്മാണവുമായി ബന്ധ​പ്പെട്ട അപേക്ഷകളിൽ സർക്കാർ സംവിധാനങ്ങളുടെ അസാധാരണമായ മെല്ലെപ്പോക്കാണ് പള്ളിനിർമാണത്തിന് തിരിച്ചടിയാകുന്ന പ്രധാനകാരണങ്ങളിലൊന്നെന്ന് ട്രസ്റ്റ് അംഗങ്ങൾ പറയുന്നു. ഫണ്ട് ലഭിക്കുന്നതിൽ വലിയ കുറവുണ്ടെന്ന് ബിജെപിനേതാവായ ഹാജി അർഫത്ത് ഷെയ്ഖ് പറയുന്നു.

മുസ്‍ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും ബാബരിമസ്ജിദിന് പകരം ആ ഭൂമിയിൽ പള്ളി നിർമ്മിക്കുന്നതിൽ വലിയ താൽപര്യമില്ലെന്നതാണ് സംഭാവനകളിലുണ്ടാകുന്ന കുറവ് കാണിക്കുന്നതെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാനും ട്രസ്റ്റിന്റെ ചീഫ് ട്രസ്റ്റിയുമായ സഫർ ഫാറൂഖി പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഫൗണ്ടേഷന് സംഭാവനയായി ലഭിച്ച 90 ലക്ഷം രൂപ ഇതിന്റെ തെളിവാണ്.

നിർദിഷ്ട മസ്ജിദിനായി അനുവദിച്ച ഭൂമിയിൽ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നു.- ഫയൽ ചിത്രം

നിർദിഷ്ട മസ്ജിദിനായി അനുവദിച്ച ഭൂമിയിൽ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നു.- ഫയൽ ചിത്രം

‘പള്ളിയുമായി ആളുകൾക്ക് വൈകാരിക ബന്ധം ഉണ്ടാക്കാൻ ഞങ്ങൾ ഒരുപാട് സമയം ചെലവഴിച്ചെങ്കിലും അതുണ്ടായില്ലെന്ന് തെളിയിക്കുന്നതാണ് ഫണ്ടിങ്ങിലെ കുറവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഡി​സൈൻ പ്രകാരം മസ്ജിദ് നിർമ്മാണത്തിന് മാത്രം 6-7 കോടി രൂപയെങ്കിലും ചെലവ് വരും. നിലവിലെ സാഹചര്യത്തിൽ ഫണ്ട് കണ്ടെത്താൻ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ (ഭേദഗതി) ആക്ട്, 2020 പ്രകാരം വിദേശ ധനസഹായം സ്വീകരിക്കാനുള്ള അനുമതിക്കായി ട്രസ്റ്റ് ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. ബാബരി മസ്ജിദിന് പകരം അഞ്ച് ഏക്കർ ഭൂമി സ്വീകരിച്ചതിനെതിരെ നിരവധി പണ്ഡിതന്മാരും രാഷ്ട്രിയക്കാരും നിലപാടെടുത്തിരുന്നുവെന്ന് ട്രസ്റ്റ് അംഗങ്ങളിലൊരാൾ പറഞ്ഞു.

വിധി വന്നതിന് പിന്നാലെ ‘ഈ ദാനം സമുദായത്തി​ന് വേണ്ടെന്നായിരുന്നു എഐഎംഐഎം പ്രസിഡന്റ്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞത്. ബാബരി മസ്ജിദിന് വേണ്ടിയുള്ള നിയമപരമായ അവകാശത്തിനു വേണ്ടിയായിരുന്നു ഞങ്ങളുടെ പോരാട്ടം. അല്ലാതെ ഒരു തുണ്ട് ഭൂമി കിട്ടാനല്ലായിരുന്നു ഞങ്ങളുടെ പോരാട്ടം എന്നും ഒവൈസി പറഞ്ഞു. മുസ്‍ലിം പണ്ഡിതന്മാരിലൊരാളായ അർഷദ് മദനിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. പ്രശ്‌നം ഭൂമിയെക്കുറിച്ചല്ല അവകാശങ്ങളെപറ്റിയും നീതിയെ പറ്റിയുമാണ്. ഞങ്ങൾക്ക് ഭൂമി വേണ്ട. മുസ്‍ലിംകൾക്ക് ആ ഭൂമി ആവശ്യമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള നിലപാടുകൾ ഉള്ളവരാണ് സമുദാത്തിലേറെയുമെന്ന് ട്രസ്റ്റ് അംഗങ്ങൾ സമ്മതിക്കുന്നു.

അതേസമയം, സർക്കാർ സംവിധാനങ്ങളും മസ്ജിദ് നിർമാണത്തോട് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു. അനാവശ്യ നൂലാമലകൾ ഉയർത്തി സർക്കാരും വിവിധ വകുപ്പുകളും നിർമാണവുമായി മുന്നോട്ട് പോകാനുള്ള രേഖകൾ കിട്ടുന്നതിന് വലിയ തടസമുണ്ടാക്കുകയാണ്. അയോധ്യയിലെ ഒരു പ്രധാന സ്ഥലത്ത് ഭൂമി അനുവദിക്കണമെന്നായിരുന്നു സുപ്രിം കോടതി പറഞ്ഞത്. എന്നാൽ എവിടെയാണ് സർക്കാർ ഭൂമി അനുവദിച്ചതെന്ന് നിങ്ങൾ കണ്ടതാണ്. എന്നിട്ടും പള്ളിനിർമാണവുമായി മുന്നോട്ട് പോകാൻ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് ഡിസൈനും പ്ലാനുകളും ഫീസ് അടച്ച് സമർപ്പിച്ചു.

മാസങ്ങൾ കഴിഞ്ഞിട്ടും നടപടിക​ളുണ്ടായില്ല. മാസങ്ങൾ കഴിഞ്ഞ് അവർ ഓൺലൈനായി അപേക്ഷിക്കണമെന്നാവശ്യപ്പെട്ടു.പിന്നെ, ഞങ്ങൾ ഓൺലൈനായി അപേക്ഷിച്ചു. വിവിധ വകുപ്പുകളിൽ നിന്നുള്ള എൻഒസികൾ ആവശ്യമാണെന്ന് പിന്നീട് അവർ പറഞ്ഞു. ഒരു വർഷത്തിലേറെയായി ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ സമീപനമായിരുന്നില്ല ക്ഷേത്ര ട്രസ്റ്റിനോട് സർക്കാരിനും സർക്കാർ ഓഫീസുകൾക്കും ഉണ്ടായിരുന്നതെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു. ഇത്തരത്തിൽ പള്ളി നിർമ്മാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. അതിനിടയിൽ പള്ളി നിർമ്മാണത്തിനായി അനുവദിച്ച ഭൂമിയിൽ അവകാശവാദമുന്നയിച്ച് ഡൽഹി സ്വദേശിനി രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നതെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.

Related Tags :
Similar Posts