India
സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോണും ചോര്‍ത്തി
India

സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോണും ചോര്‍ത്തി

Web Desk
|
4 Aug 2021 2:59 PM GMT

ഫോണ്‍ ചോര്‍ത്തലിനിരയായവരുടെ പട്ടികയിൽ സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകൻ ആൽജോ ജോസഫിന്‍റെ പേരും ഉൾപ്പെടുന്നു

സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന് വെളിപ്പെടുത്തൽ. അരുൺ മിശ്ര 2010 സെപ്തംബർ മുതൽ 2018 വരെ ഉപയോഗിച്ചിരുന്ന ഫോണാണ് ചോർത്തിയത്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ് അരുണ്‍ മിശ്ര.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഉള്‍പ്പെടെ വിവാദമായ നിരവധി കേസുകള്‍ അരുണ്‍ മിശ്രയുടെ ബെഞ്ചിലെത്തിയിരുന്നു. മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ ഉള്‍പ്പെടെ കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ ചില വിധികളും അദ്ദേഹം പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അരുൺ മിശ്ര സുപ്രീംകോടതിയിൽ നിന്നും വിരമിച്ചത്.

ഫോണ്‍ ചോര്‍ത്തലിനിരയായവരുടെ പട്ടികയിൽ സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകൻ ആൽജോ ജോസഫിന്‍റെ പേരും ഉൾപ്പെടുന്നു. വാർത്താപോർട്ടലായ 'ദ വയർ' ആണ് പുതിയ പട്ടിക പുറത്തുവിട്ടത്. സുപ്രീംകോടതിയിലെ ചില ഉദ്യോഗസ്ഥരുടെ ഫോണും ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. സുപ്രീംകോടതിയിലെ ഏറ്റവും തന്ത്രപ്രധാനമായ റിട്ട് സെക്ഷനിലെ രണ്ട് രജിസ്ട്രാര്‍മാരുടെ നമ്പറുകള്‍ ഇപ്പോള്‍ പുറത്തുവന്ന പട്ടികയിലുണ്ട്.

പെഗാസസില്‍ പ്രതിഷേധിച്ച എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

പെഗാസസ് വിഷയത്തിൽ രാജ്യസഭയിൽ പ്രതിഷേധിച്ച എംപിമാരെ സസ്പെൻഡ് ചെയ്തു. ചർച്ച ആവശ്യപ്പെട്ടു നടുത്തളത്തിൽ ഇറങ്ങിയ 6 തൃണാമൂൽ എംപിമാരെയാണ് രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്.

255ആം ചട്ടപ്രകാരമാണ് സഭാ അധ്യക്ഷനായ വെങ്കയ്യ നായിഡു അച്ചടക്ക നടപടി എടുത്തത്. ഉച്ചയ്ക്ക് ശേഷം ചേർന്ന സഭയിൽ ഇവർക്ക് പങ്കെടുക്കാനായില്ല.

പ്ലക്കാർഡ് പിടിച്ചു നടുത്തളത്തിൽ ഇറങ്ങിയ അംഗങ്ങളെയാണ് തെരഞ്ഞുപിടിച്ചു സസ്പെൻഡ് ചെയ്തത്. ഇവരെ പുറത്താക്കിയെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിനു ഒരു കുറവും ഉണ്ടായില്ല. ഫോണ്‍ ചോർത്തലില്‍ ഇരുസഭകളിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇന്നും വഴങ്ങിയില്ല. ഫോണ്‍ ചോർത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഡിഎ ഘടകകക്ഷിയായ എച്ച്.എ.എം നേതാവ് ജിതിൻ റാം മാഞ്ചിയും രംഗത്തെത്തി.

Similar Posts