India
നിയമനിർമാണം വേണമായിരുന്നു, പാർലമെന്‍റിനെ അജ്ഞതയിൽ നിർത്തിയത് ശരിയായില്ല: നോട്ട് നിരോധനത്തോട് വിയോജിച്ച് ജ.നാഗരത്ന
India

'നിയമനിർമാണം വേണമായിരുന്നു, പാർലമെന്‍റിനെ അജ്ഞതയിൽ നിർത്തിയത് ശരിയായില്ല': നോട്ട് നിരോധനത്തോട് വിയോജിച്ച് ജ.നാഗരത്ന

Web Desk
|
2 Jan 2023 6:15 AM GMT

ആർ.ബി.ഐ ആക്ട് 26/2 പ്രകാരം കേന്ദ്രത്തിനുള്ള അധികാരങ്ങളിൽ ജ.നാഗരത്‌ന വിയോജിപ്പ് രേഖപ്പെടുത്തി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ശരിവെച്ചപ്പോള്‍ ജസ്റ്റിസ് നാഗരത്ന വിയോജിച്ചു. ആർ.ബി.ഐ ആക്ട് 26/2 പ്രകാരം കേന്ദ്രത്തിനുള്ള അധികാരങ്ങളിൽ ജ.നാഗരത്ന വിയോജിപ്പ് രേഖപ്പെടുത്തി. നോട്ട് നിരോധിക്കണമെങ്കിൽ നിയമനിർമാണം വേണമായിരുന്നു. രഹസ്യമാക്കി വെക്കേണ്ടതുണ്ടായിരുന്നുവെങ്കില്‍ ഓര്‍ഡിനസ് കൊണ്ടുവരണമായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്ന വിധിയിൽ വ്യക്തമാക്കി.

ആർ.ബി.ഐ ഡയറക്ടർ ബോർഡ് വേണമായിരുന്നു നിരോധനം മുന്നോട്ട് വെക്കേണ്ടിയിരുന്നത്. നോട്ട് നിരോധനം ഏതെങ്കിലും ഒരു സീരീസിലുള്ള നോട്ട് പിൻവലിക്കുന്നത് പോലെയല്ല. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി നോട്ട് പിന്‍വലിച്ചത് ശരിയല്ല. പാര്‍ലമെന്‍റിനെ ഇരുട്ടില്‍ നിര്‍ത്തിയത് ശരിയായില്ലെന്നും ജ.നാഗരത്ന വ്യക്തമാക്കി.

അതേസമയം നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. ലക്ഷ്യം നേടിയോ ഇല്ലയോ എന്നത് പരിഗണിക്കേണ്ട. ആര്‍.ബി.ഐ വകുപ്പുകൾ പ്രകാരം നോട്ട് അസാധുവാക്കാൻ അധികാരമുണ്ട്. നടപടി ക്രമങ്ങളുടെ പേരിൽ മാത്രം നോട്ട് പിൻവലിച്ച പ്രഖ്യാപനം റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് ഉത്തരവില്‍ പറഞ്ഞു.

2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്. ഈ നോട്ടുകൾ പിൻവലിച്ച സർക്കാർ നടപടിയുടെ സാധുത ചോദ്യംചെയ്ത ഹരജികളാണ് കോടതി പരിഗണിച്ചത്. 58 ഹരജികളിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്.

മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരം ആണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്. നോട്ട് നിരോധനം രാജ്യത്തെ നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്നും സാമ്പത്തിക വ്യവസ്ഥയെ തകർത്തുകളഞ്ഞെന്നും ചിദംബരം വാദിച്ചു. എന്നാല്‍ സാമ്പത്തിക നയത്തിനുമേൽ കോടതിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ വാദിച്ചത്.



Summary- Justice Nagarathna said that Demonetisation could have been initiated through an Act of Parliament and not by an Executive Notification

Similar Posts