India
ഡി.വൈ ചന്ദ്രചൂഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസായി നാളെ അധികാരമേല്‍ക്കും
India

ഡി.വൈ ചന്ദ്രചൂഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസായി നാളെ അധികാരമേല്‍ക്കും

Web Desk
|
8 Nov 2022 4:14 PM GMT

രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.

ഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്യത്തിന്‍റെ അന്‍പതാമത് ചീഫ് ജസ്റ്റിസായിട്ടാണ് ചന്ദ്രചൂഡ് ചുമതലയേൽക്കുന്നത്.

പുരോഗനമാത്മകമായ നിരവധി വിധികൾ രാജ്യത്തിനു സംഭാവന ചെയ്ത ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നാളെ രാവിലെ പത്തരയ്ക്കാണ് സത്യവാചകം ചൊല്ലി അധികാരമേൽക്കുക. 2024 നവംബർ 11ന്‌ വിരമിക്കുന്ന ചന്ദ്രചൂഡ് രണ്ട്‌ വർഷം പദവിയിൽ തുടരും. സുപ്രിംകോടതിയുടെ 16-ാമത്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ മകനാണ്‌ ജസ്‌റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്‌.

1998ൽ അഡീഷണൽ സോളിസിറ്റർ ജനറൽ, 2000ത്തിൽ ബോംബെ ഹൈക്കോടതി ജഡ്‌ജി, 2013 മുതൽ അലഹബാദ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്, 2016 മെയ്‌ 13ന് സുപ്രിംകോടതി ജഡ്‌ജി എന്നിങ്ങനെ പോവുന്നു പടവുകൾ. സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്റെ സാധുത, ശബരിമല സ്ത്രീപ്രവേശം, അയോധ്യ കേസ് തുടങ്ങിയ നിരവധി ബെഞ്ചുകളുടെ ഭാഗമായിരുന്നു.

ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് നിർദേശിച്ചത്. ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതി പരിഗണിച്ച ശേഷം കഴിഞ്ഞയാഴ്ച തള്ളിക്കളഞ്ഞിരുന്നു. നിയുക്ത ചീഫ് ജസ്റ്റിസിനെ നിയമമന്ത്രി കിരൺ റിജിജു അഭിനന്ദിച്ചു.

Similar Posts