50-ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റു
|രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു
ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 22 വർഷം നീണ്ട ന്യായാധിപ കർത്തവ്യ നിർവഹണത്തിന് ഒടുവിലാണ് രാജ്യത്തെ പരമോന്നത കോടതിയുടെ അമ്പതാമത് മുഖ്യ ന്യായാധിപനായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡിവൈ ചന്ദ്രചൂഡ് എത്തുന്നത്. ക്ഷണിക്കപ്പെട്ട ചുരുക്കം ചിലർ മാത്രമാണ് രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുത്തത്. രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യവാചകം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഏറ്റുചൊല്ലി.
ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ കേന്ദ്ര മന്ത്രിമാരും ലോക് സഭാ സ്പീക്കർ ഓം ബിർള, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് യുയു ലളിതിന് പുറമെ മറ്റ് സുപ്രിംകോടതി ജഡ്ജിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തി. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സുപ്രിംകോടതിയിൽ എത്തിയ ഡി.വൈ ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസിൻ്റെ ഒന്നാം നമ്പർ കോടതിയിലാണ് ചുമതല വഹിക്കുന്നത്. സ്ഥാനം ഏറ്റെടുത്ത ശേഷം ചീഫ് ജസ്റ്റിസിൻ്റെ ബഞ്ചിലുള്ള കേസുകൾ അദ്ദേഹം ഇന്ന് മുതൽ പരിഗണിക്കും.
2024 നവംബർ 11ന് വിരമിക്കുന്ന ചന്ദ്രചൂഡിന് രണ്ട് വർഷവും സേവനകാലയളവുണ്ടാകും. സുപ്രിംകോടതിയുടെ 16-ാമത് ചീഫ് ജസ്റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ മകനാണ്. 2016 മെയ് 13നാണ് സുപ്രിംകോടതി ജഡ്ജിയായത്. 2013 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000ത്തിൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 1998ൽ അഡീഷണൽ സോളിസിറ്റർ പദവി വഹിച്ചിരുന്നു. അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്റെ സാധുത, ശബരിമല സ്ത്രീപ്രവേശം തുടങ്ങിയ ശ്രദ്ധേയമായ നിരവധി ബെഞ്ചുകളിൽ ഭാഗമായിരുന്നു.
കാലാവധി പൂർത്തിയാകവേ നിലവിലെ ചീഫ്ജസ്റ്റിസ് യു.യു ലളിതാണ് പേര് നിർദേശിച്ചത്. ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നത് തടയാനെന്നാവശ്യപ്പെട്ട ഹരജി സുപ്രിംകോടതി പരിഗണിച്ച ശേഷം കഴിഞ്ഞയാഴ്ച തള്ളിക്കളഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ നിയമ മന്ത്രി കിരൺ റിജ്ജു അഭിനന്ദിച്ചു.