അന്തിമ തീർപ്പ് നല്ല കാര്യമാണ്, നീതിയാണ് അതിലേറെ മികച്ചത്-ജ. സുധാംശു ധൂലിയ
|ഭരണഘടനാ കോടതി സാധ്യമായിടത്തോളം ഒരേ സ്വരത്തിൽ സംസാരിക്കണമെന്നും ജസ്റ്റിസ് സുധാംശു ധൂലിയ ഹിജാബ് കേസിൽ നിരീക്ഷിച്ചു
ന്യൂഡൽഹി: ഭരണഘടനാ കോടതികൾ ഒരു വിധി പറയുമ്പോൾ പരമാവധി ഒരേ സ്വരത്തിൽ സംസാരിക്കണമെന്ന് ഹിജാബ് കേസിൽ ജസ്റ്റിസ് സുധാംശു ധൂലിയ. കർണാടക സ്‌കൂളുകളിലെ ഹിജാബ് നിരോധനത്തിൽ വിധി പറയുമ്പോഴായിരുന്നു ജ. സുധാംശുവിന്റെ നിരീക്ഷണം. ഒരു വിഷയത്തിൽ അന്തിമ തീർപ്പ് നല്ലതാണെങ്കിലും നീതിയാണ് കൂടുതൽ മികച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് കേസിൽ ജസ്റ്റിസുമാരായ സുധാംശു, ഹേമന്ത് ഗുപ്ത എന്നിവരുടെ രണ്ടംഗ ബെഞ്ച് ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. ജ. ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് അംഗീകരിച്ച കർണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചപ്പോൾ ജ. സുധാംശു കർണാടക ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കേസ് വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്. വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
''ഭരണഘടനാ കോടതി സാധ്യമായിടത്തോളം ഒരേ സ്വരത്തിൽ സംസാരിക്കണമെന്ന ബോധ്യമുണ്ട് എനിക്ക്. ഭിന്നവിധികളും വിയോജിപ്പുകളുടെ കുറിപ്പുകളും ഒരു തർക്കം പരിഹരിക്കില്ല. അന്തിമതീർപ്പുണ്ടാകുന്നില്ല. എന്നാൽ, തീർപ്പുണ്ടാക്കുന്നതു നല്ല കാര്യമാണെങ്കിലും നീതിയാണ് കൂടുതൽ മികച്ചത്.''-വിധിന്യായത്തിൽ ജ. സുധാംശു ധൂലിയ ചൂണ്ടിക്കാട്ടി.
മുഴുവൻ ഹരജിക്കാരും ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുമ്പോൾ ഒരു ജനാധിപത്യ സംവിധാനത്തിൽ അതെങ്ങനെയാണ് അധികപ്പറ്റാവുന്നതെന്നും അദ്ദേഹം ചോദിച്ചു. അതെങ്ങനെയാണ് ധാർമികതയ്ക്കും ആരോഗ്യത്തിനും അന്തസ്സിനും എതിരാവുന്നത്? ഹിജാബ് വിഷയം തിരഞ്ഞെടുപ്പിന്റെ മാത്രം കാര്യമാണ്. അതിൽ കുറഞ്ഞും കൂടുതലും ഒന്നുമില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പരമമായ വിഷയം. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണോ നിലവിലെ ഹൈക്കോടതി വിധിയെന്നതാണ് തന്റെ മനസ്സിലെ ചോദ്യമെന്നും ജസ്റ്റിസ് സുധാംശു പറഞ്ഞു.
എന്നാൽ, ഹിജാബ് ഇസ്‌ലാം മതത്തിന്റെ അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി വിധിയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചത്. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ജസ്റ്റിസ് ഗുപ്ത വിധിച്ചു. യൂനിഫോം നിർബന്ധമാക്കാനുള്ള അധികാരം സർക്കാരിനുണ്ട്. വിദ്യാർഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീലുകൾ തള്ളിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Summary: ''Finality is a good thing, but Justice is better", says Justice Sudhanshu Dhulia in Hijab case