സിന്ധ്യ വിദ്യാർത്ഥികളോട് സംസാരിച്ചത് ധാർഷ്ട്യത്തിന്റെ ഭാഷയിൽ: റുമാനിയൻ മേയർ
|"ഒരു പിആർ പ്രസംഗത്തിന് അദ്ദേഹം തയ്യാറായിരുന്നതു പോലെയാണ് തോന്നിയത്."
യുക്രൈനിൽ നിന്ന് രക്ഷപ്പെട്ട് റുമേനിയയിലെത്തിയ വിദ്യാർത്ഥികളോട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംസാരിച്ചത് ധാർഷ്ട്യത്തിന്റെ ഭാഷയിലെന്ന് റുമാനിയൻ മേയർ. സ്നഗോവ് സിറ്റി മേയർ മിഹായ് ആൻഗ്യൽ ദ ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർത്ഥികളുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് നേരത്തെ മേയർ സിന്ധ്യയുമായി കൊമ്പുകോർത്തത് വാർത്തയായിരുന്നു.
'ഞങ്ങളുടെ സംഘം 157 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് സ്വീകരിച്ചത്. ഇവിടെയുള്ള ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു സഹായം പോലും കിട്ടിയില്ല. ഭക്ഷണവും മറ്റു അവശ്യസാധനങ്ങളും നൽകിയതെല്ലാം ഞങ്ങളാണ്. സ്നഗോവ് പ്രവിശ്യയിലെ ജനങ്ങളാണ് എല്ലാം ചെയ്തത്. വൈകിട്ട് ക്യാമറക്കാർക്കൊപ്പമാണ് ഈ ജന്റിൽമാൻ (സിന്ധ്യ) നടന്നു വരുന്നത് കണ്ടത്. വിദ്യാർത്ഥികളോട് ധാർഷ്ട്യത്തോടെ സംസാരിച്ചു. ഒരു പിആർ പ്രസംഗത്തിന് അദ്ദേഹം തയ്യാറായിരുന്നതു പോലെയാണ് തോന്നിയത്. യുദ്ധമുഖത്തു നിന്നു വന്ന് വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചിരിക്കുന്ന കുട്ടികൾക്ക് അത് സുഖകരമായിരുന്നില്ല.' - അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 27ന് സിറെത് അതിർത്തി വഴിയാണ് വിദ്യാർത്ഥികളെത്തിയത്. ഘെർമനെസ്തി ഗ്രാമത്തിലെ സ്കൂൾ ജിംനേഷ്യത്തിലാണ് ഇവർക്ക് അഭയമൊരുക്കിയത്. അടുത്ത ദിവസം ബസ്സു വരുമെന്ന് ഇന്ത്യൻ അധികൃതർ പറഞ്ഞിരുന്നു. സിന്ധ്യയുടെ സന്ദർശനത്തിനിടെ, വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകും എന്നാണ് കരുതിയിരുന്നത്. വിമാന ഷെഡ്യൂൾ അടക്കമുള്ള വിവരങ്ങൾ ഒന്നുമില്ലാതെയാണ് അദ്ദേഹം കുട്ടികളോട് സംസാരിച്ചത്. ഒഴിപ്പിക്കൽ ദൗത്യത്തിൽ താൻ ഇതുവരെ ചെയ്ത കാര്യങ്ങളെ കുറിച്ചാണ് സിന്ധ്യ വാചാലനായതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
'അതിർത്തിയിൽ ഈ കുട്ടികളെ അന്തസ്സോടെയല്ല കൈകാര്യം ചെയ്തത്. അതോടു കൂട്ടിച്ചേർത്തു വയ്ക്കാൻ പറ്റുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവും. ഇതെന്നെ ശരിക്കും വിഷമിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ട അത്യാവശ്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും അദ്ദേഹം നൽകിയില്ല. അതിർത്തിയിൽ പോയുമില്ല. വീട്ടിലേക്കു തിരിച്ചു പോകാനുള്ള വിമാനങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ എന്നെ അപമാനിക്കുകയും ചെയ്തു.' - മേയർ ആരോപിച്ചു.
സിന്ധ്യ വ്യോമയാന മന്ത്രിയായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'അറിയുമെങ്കിൽ ഞാനങ്ങനെ ചെയ്യുമായിരുന്നില്ല. ഞാനതിന് നിർബന്ധിതനാകുകയായിരുന്നു. ഞങ്ങളുടെ രാജ്യത്തും വീട്ടിലും വന്ന് ഞങ്ങളെ അപമാനിക്കരുത്'- മേയർ കൂട്ടിച്ചേർത്തു.
നേരത്തെ, ഇന്ത്യൻ വിദ്യാർത്ഥികളോട്, സർക്കാർ അവരുടെ രക്ഷകരായത് എങ്ങനെ എന്ന് വിശദീകരിക്കുന്നതിനിടെയാണ് മേയർ ഇടപെട്ടിരുന്നത്. ഇത്തരം സംസാരങ്ങളല്ല വിദ്യാർത്ഥികൾക്കു വേണ്ടത്, എപ്പോൾ ഇവർ നാട്ടില്‍ പോകും എന്നു പറയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'എന്തു സംസാരിക്കണമെന്ന് ഞാൻ തീരുമാനിക്കും' എന്ന് തിരിച്ചുപറഞ്ഞ സിന്ധ്യയോട് മേയർ പൊട്ടിത്തെറിച്ചു. 'ഇതുവരെ ഈ കുട്ടികൾക്ക് ഭക്ഷണവും താമസവും ഒരുക്കി നൽകിയത് ഞാനാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.