India
Will PM Modi, VP speak on killing of student mistaken for cattle smuggler, asks Kapil Sibal
India

രാജ്കുമാര്‍ ആനന്ദ് പാര്‍ട്ടി വിട്ടത് ഇ.ഡിയെ ഭയന്നെന്ന് കപില്‍ സിബല്‍

Web Desk
|
11 April 2024 4:50 AM GMT

അഴിമതിക്കാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ബിജെപി അഴിമതിക്കെതിരെ പോരാടുന്നതിനെ കുറിച്ച് സംസാരിക്കുമെന്നും സിബല്‍

ഡല്‍ഹി: ഡല്‍ഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ്കുമാര്‍ ആനന്ദ് മന്ത്രി സ്ഥാനവും ആം ആദ്മി പാര്‍ട്ടി അംഗത്വവും രാജി വച്ചതിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇ.ഡി പരിശോധന നേരിട്ട രാജ്കുമാര്‍ ആനന്ദ് ഭയന്നാണ് പാര്‍ട്ടി വിട്ടതെന്ന് ശരിവെക്കും വിധമാണ് സിബലിന്റെ പ്രതികരണം. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നും അഴിമതിക്കാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ബിജെപി അഴിമതിക്കെതിരെ പോരാടുന്നതിനെ കുറിച്ച് സംസാരിക്കുമെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ സിബല്‍ പറയുന്നു.

കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കല്‍, ''ചൈനയിലേക്കുള്ള ഹവാല പേയ്മെന്റ്' ആരോപണം എന്നിവയില്‍ രാജ്കുമാര്‍ ഇ.ഡിയുടെ പരിശോധന നേരിടുന്നതായി കുറിപ്പിലുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി രാജ്കുമാര്‍ ആനന്ദിന്റെ വീട് റെയ്ഡ് ചെയ്തിരുന്നു. അതേസമയം മദ്യ നയ അഴിമതിക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയടക്കം അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് രാജ്കുമാറിന്റെ രാജി. മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി നേരത്തേ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

ആം ആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്ന് പറഞ്ഞാണ് രാജ്കുമാര്‍ രാജിവച്ചത്. എ.എ.പി ദലിത് വിരുദ്ധത ഉയര്‍ത്തിക്കാട്ടുകയാണെന്നും സ്ത്രീകള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നും രാജിക്കു പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിട്ട് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബിജെപി നീക്കത്തിന്റെ ഭാഗമാണ് രാജ്കുമാറിന്റെ രാജിയെന്നാണ് ഉയരുന്ന ആരോപണം. രാജ്കുമാര്‍ ആനന്ദിനെ അഴിമതിക്കാരനെന്ന് വിളിച്ച ബിജെപി ഇനി അദ്ദേഹത്തെ സ്വീകരിക്കുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചിരുന്നു.

മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലായതിന് ശേഷം മന്ത്രിസഭയില്‍ നിന്നുള്ള ആദ്യ രാജിയായിരുന്നു രാജ്കുമാറിന്റേത്. സാമൂഹിക ക്ഷേമ വകുപ്പ് ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.


Similar Posts