വിദ്വേഷ പ്രസംഗം: അഞ്ചു ദിവസത്തെ ജയിൽ വാസത്തിന് ശേഷം കാജൽ ഹിന്ദുസ്ഥാനിക്ക് ജാമ്യം
|ഉനയിൽ ന്യൂനപക്ഷ സമുദായത്തെ വെല്ലുവിളിച്ച് ഇവർ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
അഹമ്മദാബാദ്: രാമ നവമി ആഘോഷവുമായി ബന്ധപ്പെട്ട് ഉനയിൽ തീവ്ര വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ വലതുപക്ഷ ആക്ടിവിസ്റ്റ് കാജൽ ഹിന്ദുസ്ഥാനിക്ക് ജാമ്യം. അഞ്ചു ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചത്. പ്രസംഗം വിവാദമായതിനെ തുടർന്ന് ഇവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു.
'അഞ്ചു ദിവസത്തെ ജയിൽവാസത്തിന് ശേഷം വ്യാഴാഴ്ച വൈകിട്ട് ജുനഗഡ് ജയിലിൽനിന്ന് പുറത്തിറങ്ങി. ഞാൻ സുരക്ഷിതയാണ്. മുമ്പത്തേക്കാൾ പതിന്മടങ്ങ് ശക്തയും. ഇന്ത്യയിലെ എല്ലാ ഹിന്ദു സംഘടനകളും എനിക്ക് പിന്തുണ നൽകി. ഹിമാലയം പോലെ ഉറച്ചു നിന്നു. നിങ്ങളുടെ പിന്തുണ എന്റെ മനോവീര്യം വർധിപ്പിക്കുന്നു. നിങ്ങൾ നൽകിയ അനുഗ്രഹം ഈ ജന്മത്തിൽ തിരിച്ചുനൽകാൻ കഴിഞ്ഞേക്കില്ല'- ജയിലിൽ നിന്ന് പുറത്തുവന്ന ശേഷം കാജൽ ഹിന്ദുസ്ഥാനി പറഞ്ഞു.
ഉനയിൽ ന്യൂനപക്ഷ സമുദായത്തെ വെല്ലുവിളിച്ച് ഇവർ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രസംഗത്തിന് പിന്നാലെ വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ സംഘർഷവും ഉടലെടുത്തിരുന്നു.
മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്ന പ്രസംഗഭാഗമാണ് സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചിരുന്നത്.
'മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കുമ്പോൾ ഏതെല്ലാം തരത്തിലുള്ള ഉപകാരമാണ് ഉണ്ടാകുന്നത്. പിന്നിലുള്ളവർ ഇത് കേൾക്കുന്നുണ്ടല്ലോ, അല്ലേ. വിവാഹത്തിന്റെ വാർത്ത നിങ്ങൾ കേട്ടിരിക്കും. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് സഹഭാര്യമാരുണ്ടാകില്ല. വീട്ടിൽ അവർക്ക് സുരക്ഷയുണ്ടാകും. കുടുംബത്തിലെ മറ്റാരും അവരുടെ മേൽ കൈവയ്ക്കില്ല. 45 ഡിഗ്രി ചൂടിൽ അവർക്ക് ബുർഖ ധരിക്കേണ്ടി വരില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും സ്വത്തിൽ അവകാശമുണ്ടാകും. തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ല. ഏതെങ്കിലും മൗലാനയോ സഹോദരങ്ങളോ നിങ്ങളെ ഹലാലാക്കില്ല. നിങ്ങൾക്ക് കുട്ടികളുണ്ടാകുമ്പോൾ അവരുടെ മേൽവിലാസമായി തീവ്രവാദി, ഭീകരവാദി എന്നൊന്നുമുണ്ടാകില്ല. സഹോദരങ്ങളേ നിങ്ങൾ തയ്യാറാണോ?' - ആൾക്കൂട്ടത്തോട് കാജൽ ചോദിച്ചു.
മുമ്പും സമാനമായ വർഗീയ പരാമർശങ്ങൾ നടത്തിയ വലതുപക്ഷ നേതാവാണ് കാജൽ ഹിന്ദുസ്ഥാനി എന്നറിയപ്പെടുന്ന കാജൽ ബെൻ ഷിൻഗ്ല. ഒരു ബുൾഡോസർ കൊണ്ടുവന്ന് മോർബിയിലെ മസ്ജിദുകൾ ഇടിച്ചുനിരത്തുമെന്ന് ഈയിടെ അവർ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ മോർബി പൊലീസിൽ പരാതിയുമുണ്ടായിരുന്നു.