ജൂനിയർ വിദ്യാർഥിനികളെ റാഗ് ചെയ്തു; 81 പെൺകുട്ടികളെ സസ്പെൻഡ് ചെയ്ത് യൂണിവേഴ്സിറ്റി
|പെൺകുട്ടികൾക്കായുള്ള പത്മാക്ഷി ഹോസ്റ്റലിലായിരുന്നു ജൂനിയർ വിദ്യാർഥിനികളെ സീനിയർ വിദ്യാർഥിനികൾ റാഗ് ചെയ്തത്.
വാറങ്കൽ: ജൂനിയർ വിദ്യാർഥിനികളെ റാഗ് ചെയ്തതിന് 81 പെൺകുട്ടികളെ സസ്പെൻഡ് ചെയ്തു. തെലങ്കാന വാറങ്കൽ കാകതിയ യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ്, കൊമേഴ്സ്, സുവോളജി ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥിനികൾക്കെതിരെയാണ് നടപടി.
പെൺകുട്ടികൾക്കായുള്ള പത്മാക്ഷി ഹോസ്റ്റലിലായിരുന്നു ജൂനിയർ വിദ്യാർഥിനികളെ സീനിയർ വിദ്യാർഥിനികൾ റാഗ് ചെയ്തത്. റാഗിങ് സഹിക്കവയ്യാതെ ജൂനിയർ വിദ്യാർഥിനികൾ പരാതി നൽകിയതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് കാകതീയ സർവകലാശാല രജിസ്ട്രാർ പ്രൊഫസർ ടി. ശ്രീനിവാസ് റാവു സ്ഥിതിഗതികൾ അറിഞ്ഞത്.
തുടർന്ന്, രജിസ്ട്രാർ ഇക്കാര്യം ഹോസ്റ്റലിലെ സെക്യൂരിറ്റി ഗാർഡുകളെയും യൂണിവേഴ്സിറ്റി റാഗിങ് വിരുദ്ധ സമിതി അംഗങ്ങളെയും കൊമേഴ്സ് പ്രിൻസിപ്പൽ എസ് നരസിംഹ ചാരിയെയും അറിയിച്ചു.
ശനിയാഴ്ച, റാഗിങ് വിരുദ്ധ സമിതി അംഗങ്ങളുടെയും സീനിയർ പ്രൊഫസർമാരുടെയും സാന്നിധ്യത്തിൽ ജൂനിയർ, സീനിയർ വിദ്യാർഥികളെ അതത് വകുപ്പുകളിലേക്ക് വിളിപ്പിച്ചു. ഇരു കൂട്ടരുടേയും ഭാഗം കേട്ട ശേഷം 81 വിദ്യാർഥിനികളെ ഹോസ്റ്റലിൽ നിന്ന് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതായി രജിസ്ട്രാർ ടി. ശ്രീനിവാസ് റാവു അറിയിച്ചു.
“അന്വേഷണത്തിൽ മൂന്ന് ഡിപ്പാർട്ട്‌മെന്റുകളിലെ 81 വിദ്യാർഥിനികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. സംഭവം ഏറെ ഗുരുതരമാണെങ്കിലും അവരുടെ കരിയറിൽ ഉണ്ടാക്കുന്ന ആഘാതം കണക്കിലെടുത്ത് വിഷയത്തിൽ പൊലീസിനെ ഇടപെടീക്കേണ്ടതില്ലെന്ന് തീരുമാനിച്ചു”- ശ്രീനിവാസ് റാവു കൂട്ടിച്ചേർത്തു.