കള്ളക്കുറിച്ചി: മരണം 56 ആയി, ദുരന്തബാധിതരെ സന്ദർശിച്ച് കമൽഹാസൻ
|തമിഴ്‌നാട്ടിലെ നാല് ആശുപത്രികളിലായി 216 പേരാണ് ചികിത്സയിൽ കഴിയുന്നത്
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ തമിഴ്‌നാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് കമൽഹാസൻ. ഞായറാഴ്ച പുറത്തിറക്കിയ ജില്ലാ ഭരണകൂടത്തിൻ്റെ റിപ്പോർട്ട് പ്രകാരം മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു. തമിഴ്‌നാട്ടിലെ നാല് ആശുപത്രികളിലായി 216 പേരാണ് ചികിത്സയിൽ കഴിയുന്നത്.
പോണ്ടിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്‌മർ) 17 രോഗികളാണുള്ളത്. ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന , മൂന്ന് പേർ മരിച്ചു. വിഴുപുരം മെഡിക്കൽ കോളേജിൽ നാലുരോഗികളുണ്ട്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന നാലുപേർ മരിച്ചു.
കള്ളക്കുറിച്ചി മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത്. 31 പേരാണ് ഇവിടെ മരിച്ചത്. 108 പേർ നിലവിൽ ഇവിടെ ചികിത്സയിലുണ്ട്. സേലം മെഡിക്കൽ കോളേജിൽ 30 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിനിടെ തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം, വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും എക്സൈസ് നിരീക്ഷണവും പരിശോധനയും കടുപ്പിക്കുകയാണ്. ചെക്പോസ്റ്റുകളിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയോഗിച്ചതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. സംഭവത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന, വിഷമദ്യം ആളുകൾക്ക് വിതരണം ചെയ്തയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചിന്നദുരൈ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ജസ്റ്റിസ് ബി ഗോകുൽദാസ് (റിട്ടയേർഡ്) ഏകാംഗ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് നൽകാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.