India
Kallakurichi hooch tragedy; Madras highcourt slams govt
India

'ഇനിയും പഠിച്ചില്ലേ?'; കള്ളക്കുറിച്ചിയിൽ മരണം 55, സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Web Desk
|
22 Jun 2024 3:38 AM GMT

കഴിഞ്ഞ വർഷം രണ്ട് ദുരന്തങ്ങളിലായി 22 പേർ മരിച്ചിട്ടും എങ്ങനെ വീണ്ടുമൊരു ദുരന്തമുണ്ടായി എന്നും കോടതി

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്ത് ആവർത്തിച്ച് വരുന്ന വിഷമദ്യദുരന്തങ്ങളിൽ നിന്ന് സർക്കാരിനിയും ഒന്നും പഠിച്ചില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. കഴിഞ്ഞ വർഷം രണ്ട് ദുരന്തങ്ങളിലായി 22 പേർ മരിച്ചിട്ടും എങ്ങനെ വീണ്ടുമൊരു ദുരന്തമുണ്ടായി എന്ന് വിശദീകരിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

കള്ളക്കുറിച്ചി ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ സമർപ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കള്ളക്കുറിച്ചിയിൽ വ്യാജമദ്യം വിറ്റതിൽ എന്ത് നടപടിയെടുത്തു എന്ന് ജൂൺ 26നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. ജസ്റ്റിസുമാരായ ഡി.കൃഷ്ണകുമാർ, കെ.കുമാരേഷ് ബാബു എന്നിവർ അധ്യക്ഷരായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്നലെ, ദുരന്തത്തിൽ മരണസംഖ്യ 47 ആയിരിക്കെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷവിമർശനമുയർന്നത്. നിലവിൽ മരണസംഖ്യ 55 ആയിട്ടുണ്ട്. ചികിത്സയിൽ തുടരുന്ന നൂറിലധികം പേരിൽ 12 പേരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.

കള്ളക്കുറിച്ചിയിൽ വ്യാജമദ്യം വിൽക്കുന്നുണ്ടെന്നത് കാലാകാലങ്ങളായി ഉയരുന്ന വിഷയമാണ്. 2023ൽ ഇത് കള്ളക്കുറിച്ചിയിലെ എഐഎഡിഎംകെ എംഎൽഎ എം സെന്തിൽകുമാർ സഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ തന്നെ വ്യാജമദ്യ വില്പന ചൂണ്ടിക്കാട്ടി യൂട്യൂബിൽ വന്ന ചില വീഡിയോകളും പരാമർശിച്ചാണ് കോടതി വിമർശനമുന്നയിച്ചത്. കൽവരായൻ, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ അനധികൃത മദ്യവില്പനയുണ്ടെന്നും ഇതിന് പിന്നിലുള്ളവരെ കൃത്യമായി വെളിപ്പെടുത്തുന്ന വീഡിയോ വരെ ഉണ്ടെന്നും ജസ്റ്റിസ് കുമരേഷ് ചൂണ്ടിക്കാട്ടി.

വ്യാജമദ്യദുരന്തങ്ങളിൽ കൃത്യമായ നടപടി ഉണ്ടാകുന്നുണ്ടെന്നാണ് സർക്കാരിന് വേണ്ടി ഹാജരായ അഡ്വ.ജനറൽ പി എസ് രാമൻ കോടതിയിൽ മറുപടി നൽകിയത്. കഴിഞ്ഞ വർഷം 22 പേരുടെ മരണത്തിനിടയാക്കിയ, ചെങ്കൽപ്പട്ടിലെയും വില്ലുപുരത്തെയും ദുരന്തങ്ങളിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറിയിരുന്നുവെന്നും ഗുണ്ടാ നിയമപ്രകാരം നിരവധി പേരെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളക്കുറിച്ചി ദുരന്തത്തിന് പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റിനെയും, എഡിജിപിയെയും സ്ഥലം മാറ്റിയെന്നും എസ്പിയെ സസ്‌പെൻഡ് ചെയ്തുവെന്നുമായിരുന്നു സർക്കാരിന്റെ മറുപടി. സംഭവം വിശദമായി അന്വേഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനും റിട്ട.ഹൈക്കോടതി ജഡ്ജി ബി.ഗോകുൽദാസ് അധ്യക്ഷനായ കമ്മിഷൻ രൂപീകരിച്ചതായും സർക്കാർ വ്യക്തമാക്കി. എന്നാൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പകരമാകുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

വ്യാഴാഴ്ചയാണ് ചെന്നൈയിൽ നിന്ന് 250 കിലോമീറ്റർ അകലെ കള്ളക്കുറിച്ചിയിലെ കരുണാപുരത്ത് വ്യാജമദ്യ ദുരന്തമുണ്ടാകുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി വ്യാജമദ്യവിൽപ്പനക്കാരിൽ നിന്ന് പാക്കറ്റ് ചാരായം വാങ്ങിക്കഴിച്ച തൊഴിലാളികളാണ് ദുരന്തത്തിന്റെ ഇരകൾ. പ്രദേശത്ത് കൂലിവേല ചെയ്യുന്നവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. പാനിപൂരി വില്പനക്കാരനായ യുപി സ്വദേശിയും മരിച്ചവരിലുണ്ട്.

Similar Posts