India
രാജ രാജ ചോളന്‍ ഹിന്ദു രാജാവല്ല; ആ കാലഘട്ടത്തില്‍ ഹിന്ദു മതം പോലുമില്ലെന്ന് കമല്‍ഹാസന്‍: വിവാദം
India

രാജ രാജ ചോളന്‍ ഹിന്ദു രാജാവല്ല; ആ കാലഘട്ടത്തില്‍ ഹിന്ദു മതം പോലുമില്ലെന്ന് കമല്‍ഹാസന്‍: വിവാദം

Web Desk
|
7 Oct 2022 5:50 AM GMT

വൈനവം, ശിവം, സമാനം എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്

ചെന്നൈ: രാജ രാജ ചോളന്‍ ഹിന്ദു രാജാവല്ലെന്ന സംവിധായകന്‍ വെട്രിമാരന്‍റെ വിവാദപരാമര്‍ശത്തെ പിന്തുണച്ച് നടന്‍ കമല്‍ഹാസന്‍. രാജ രാജ ചോളന്‍റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ലെന്ന് കമല്‍ പറഞ്ഞു.

ആ കാലഘട്ടത്തില്‍ ഹിന്ദു എന്ന വാക്കു പോലും ഉണ്ടായിരുന്നില്ല. വൈനവം, ശിവം, സമാനം എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പദം ആദ്യമായി ഉപയോഗിച്ചത്. തൂത്തുക്കുടിയെ തൂതികോറിന്‍ എന്നാക്കി മാറ്റിയതിനു സമാനമാണിത്. ആ കാലഘട്ടത്തില്‍ നിരവധി മതങ്ങളുണ്ടായിരുന്നെന്നാണ് താരം പറയുന്നത്. സങ്കല്‍പത്തിലുള്ള ചരിത്രത്തെ ആഘോഷിക്കേണ്ട സമയമല്ല ഇതെന്നും കമല്‍ഹാസന്‍ അഭ്യര്‍ത്ഥിച്ചു. ചരിത്രത്തെ വളച്ചൊടിക്കുകയോ അതിഭാവുകത്വത്തോടെ അവതരിപ്പിക്കുകയോ ഭാഷ പ്രശ്‌നങ്ങള്‍ വരുത്തുകയോ ചെയ്യാതിരിക്കുകയാണ് നല്ലതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വച്ചാണ് വെട്രിമാരന്‍ രാജ രാജ ചോളന്‍ ഹിന്ദു രാജാവ് അല്ലെന്ന് വ്യക്തമാക്കിയത്. നമ്മുടെ പല സ്വത്വങ്ങളും മായ്ക്കപ്പെടുകയാണ്. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജ രാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും ഇത്തരം സംഭവം നടന്നു കൊണ്ടിരിക്കുന്നു. സിനിമയിലും ഇത് സംഭവിക്കുന്നു. സിനിമയില്‍ നിന്ന് പല സ്വത്വങ്ങളും ഇതിനകം നീക്കം ചെയ്യപ്പെട്ടു. നാം നമ്മുടെ സ്വത്വങ്ങളെ സംരക്ഷിക്കണമെന്നാണ് വെട്രിമാരന്‍ പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ ബി.ജെ.പി രംഗത്തുവന്നു. രാജ രാജ ചോളന്‍ യഥാര്‍ഥത്തില്‍ ഒരു ഹിന്ദു രാജാവായിരുന്നുവെന്ന് ബി.ജെ.പി നേതാവ് എച്ച്.രാജ പറഞ്ഞു. ''വെട്രിമാരനെപ്പോലെ ചരിത്രത്തില്‍ എനിക്കത്ര അവഗാഹമൊന്നുമില്ല. എന്നാൽ രാജരാജ ചോളൻ പണികഴിപ്പിച്ച രണ്ട് പള്ളികളും മസ്ജിദുകളും അദ്ദേഹം ചൂണ്ടിക്കാട്ടട്ടെ.ശിവപാദ ശേഖരൻ എന്നാണ് അദ്ദേഹം സ്വയം വിളിച്ചിരുന്നത്. അപ്പോൾ അദ്ദേഹം ഹിന്ദു ആയിരുന്നില്ലേ?" രാജ ചോദിച്ചു.

ഇതാദ്യമായിട്ടല്ല രാജരാജ ചോളനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 2019ല്‍ പ്രശസ്ത സംവിധായകന്‍ പാ രഞ്ജിതും രാജ രാജ ചോളനെ വിമര്‍ശിച്ചിരുന്നു. ചോള രാജാവിന്‍റെ ഭരണകാലം ദലിതര്‍ക്ക് ഇരുണ്ട കാലഘട്ടമായിരുന്നുവെന്നാണ് രഞ്ജിത് പറഞ്ഞത്. രാജ രാജ ചോളന്‍റെ കാലത്തെ ദലിതരുടെ ഭൂമി ബലപ്രയോഗത്തിലൂടെ അവരില്‍ നിന്നും പിടിച്ചെടുക്കപ്പെട്ടെന്നും ജാതിവിവേചനത്തിന്‍റെ പല രൂപങ്ങളും അന്നുണ്ടായിരുന്നുവെന്നുമുള്ള രഞ്ജിതിന്‍റെ പരാമര്‍ശമാണ് വിവാദമായത്.

Similar Posts