കമൽഹാസന്റെ പാർട്ടി കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ ചേരിയിലേക്ക്
|ശനിയാഴ്ച രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന കമൽഹാസൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.
ചെന്നൈ: ഉലകനായകൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവും കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ ചേരിയിലേക്ക്. ശനിയാഴ്ച രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന കമൽഹാസൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ജോഡോ യാത്ര ഇന്ന് ഹരിയാനയിൽ പര്യടനം ആരംഭിക്കും.
കഴിഞ്ഞ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഒറ്റക്കായിരുന്നു മത്സരിച്ചത്. ജോഡോ യാത്രയിലേക്ക് രാഹുൽ ഗാന്ധി കമൽഹാസനെ ക്ഷണിച്ചതോടെയാണ് കമൽ പ്രതിപക്ഷ ചേരിയിലേക്ക് എത്തുന്നത്.
തമിഴ്നാട്ടിൽ ഡി.എം.കെക്കും കോൺഗ്രസിനും ഒപ്പം ചേരാൻ നേരത്തെ കമൽഹാസൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 2.52 ശതമാനം വോട്ടാണ് പാർട്ടിക്ക് ലഭിച്ചത്. ഹരിയാനയിലെ നുഹിൽനിന്ന് ഭാരത് ജോഡോ യാത്ര ഇന്ന് പര്യടനം ആരംഭിക്കും. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, രൺദീപ് സിങ് സുർജേവാല അടക്കമുള്ള നേതാക്കൾ ചേർന്ന് യാത്രയെ സംസ്ഥാനത്തേക്ക് സ്വീകരിക്കും. നൂറ്റിയഞ്ചാമത്തെ ദിവസമാണ് യാത്ര ഹരിയാനയിൽ പ്രവേശിക്കുന്നത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് യാത്ര തുടരും. ഫരീദാബാദിലാണ് ഹരിയാനയിലെ യാത്രയുടെ സമാപനം.