India
കമൽനാഥ് പുതിയ അധ്യക്ഷൻ? കോൺഗ്രസില്‍ നേതൃമാറ്റത്തിന് തിരക്കിട്ട നീക്കം
India

കമൽനാഥ് പുതിയ അധ്യക്ഷൻ? കോൺഗ്രസില്‍ നേതൃമാറ്റത്തിന് തിരക്കിട്ട നീക്കം

Web Desk
|
15 July 2021 11:50 AM GMT

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. പാർട്ടിയിലെ നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്

രണ്ടുവര്‍ഷത്തോളമായി സ്ഥിരം അധ്യക്ഷനില്ലാതെ തുടരുന്ന കോൺഗ്രസിൽ നേതൃമാറ്റത്തിന് തിരക്കിട്ട നീക്കം. മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് പുതിയ കോൺഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കമൽനാഥ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

പാർട്ടിയിലെ നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാനാണ് സോണിയയും കമല്‍നാഥും കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തിയത്. അധ്യക്ഷനെ തെരഞ്ഞെടുക്കാനായി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു തൊട്ടുപിറകെയായി കോൺഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുമെന്നാണ് വിവരം.

സ്ഥിരം നാഥനില്ലാതെ രണ്ടുവര്‍ഷം

2017ലാണ് സോണിയ ഗാന്ധിയില്‍നിന്ന് രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. എന്നാൽ, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിറകെ രാഹുൽ രാജിവയ്ക്കുകയായിരുന്നു. ഇതിനുശേഷം പാർട്ടി നേതൃത്വത്തിന്റെ കടുത്ത സമ്മർദത്തെ തുടർന്ന് സോണിയ ഗാന്ധി തന്നെ വീണ്ടും പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഇടക്കാല പ്രസിഡന്‍റായാണ് സോണിയ സ്ഥാനത്ത് തുടരുന്നത്. പാർട്ടി നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതാവസ്ഥ കോൺഗ്രസിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്തുകയും പ്രവർത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്നുണ്ടെന്ന പരാതിയുമായി 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിൽ മുൻപിലുള്ളയാളാണ് കമൽനാഥ്. ഇടക്കാല പ്രസിഡന്റ് പദവിയായിരിക്കും മിക്കവാറും അദ്ദേഹത്തിന് ലഭിക്കുക. അല്ലെങ്കിൽ വർക്കിങ് പ്രസിഡന്റാകും. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കോൺഗ്രസ് പ്രവർത്തക സമിതി ഉടൻ ചേർന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. ഓഗസ്റ്റിൽ എഐസിസി യോഗമുണ്ടാകുമെന്നാണ് അറിയുന്നത്.

പാർട്ടിയിൽ മുതിർന്നയാള്‍; ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് കമൽനാഥ്. മധ്യപ്രദേശിലെ ചിന്ദ്‍വാര മണ്ഡലത്തിൽനിന്ന് ഒൻപതു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൻമോഹൻ സിങ് മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായിരുന്നു. പാർലമെന്റിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാൾ കൂടിയായിരുന്നു. 16-ാം ലോക്സഭയില്‍ പ്രോടേം സ്പീക്കറായിരുന്നു.

2018ൽ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായ കമൽനാഥ് ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അതിന്‍റെ അംഗീകാരമെന്നോണം പാര്‍ട്ടി അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനവും നല്‍കി. 2018 ഡിസംബറിൽ മുഖ്യമന്ത്രിയായി അധികാരമേ അധികാരമേറ്റ അദ്ദേഹത്തിന് അധികകാലം സ്ഥാനത്ത് തുടരാനായില്ല. സത്യപ്രതിജ്ഞ ചെയ്ത് 15 മാസം പിന്നിട്ടതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ നിർബന്ധിതനായി കമല്‍നാഥ്.

സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാണ് കമൽനാഥിന്റെ രാജിയിൽ കലാശിച്ചത്. 2020 മാർച്ച് 20ന് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ മധ്യപ്രദേശ് പ്രതിപക്ഷ നേതാവാണ് അദ്ദേഹം.

Similar Posts