കമൽ നാഥ് ഡൽഹിയിൽ, ബയോയിൽനിന്ന് കോൺഗ്രസ് ഒഴിവാക്കി മകൻ; പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തം
|കോൺഗ്രസ് നേതാക്കൾക്കായി വാതിലുകൾ തുറന്നിട്ടുണ്ടെന്ന് മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ വി.ഡി. ശർമ
ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ് കോൺഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് മകൻ നകുൽ നാഥ് സോഷ്യൽ മീഡിയയിലെ തന്റെ ബയോയിൽനിന്ന് കോൺഗ്രസ് ഒഴിവാക്കി. കമൽ നാഥ് നിലവിൽ ഡൽഹിയിലുണ്ട്. ബി.ജെ.പി നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
നേരത്തെ കമൽ നാഥ് മധ്യപ്രദേശിൽനിന്ന് രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസ് അത് നിരസിക്കുകയുണ്ടായി.
മധ്യപ്രദശേിൽനിന്നുള്ള ഏക ലോക്സഭ കോൺഗ്രസ് എം.പിയാണ് നകുൽ നാഥ്. ചിന്ദ്വാര ലോക്സഭാ സീറ്റിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുമെന്ന് ഇദ്ദേഹം കഴിഞ്ഞയാഴ്ച സ്വയം പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പായിരുന്നു നകുൽ നാഥിന്റെ നീക്കം.
തുടർച്ചയായി ഒമ്പത് തവണ വിജയിച്ച കമൽ നാഥിന്റെ കോട്ടയാണ് ചിന്ദ്വാര. 2019ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മറ്റു 28 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചിട്ടും, ചിന്ദ്വാരയിൽനിന്ന് വിജയിക്കാൻ നകുൽ നാഥിന് കഴിഞ്ഞിരുന്നു.
അതേസമയം, കമൽ നാഥ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി രാജ്യസഭ എം.പിയും കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ് രംഗത്തുവന്നു. നെഹ്റു - ഗാന്ധി കുടുംബത്തോടൊപ്പമാണ് കമൽ നാഥ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനതാപാർട്ടിയും അന്നത്തെ കേന്ദ്ര സർക്കാറും ഇന്ദിരാഗാന്ധിയെ ജയിലിലേക്ക് അയച്ചപ്പോൾ അദ്ദേഹം ഇവിടെ ഉറച്ചുനിന്നു. ആ വ്യക്തി സോണിയ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കുടുംബങ്ങളെ ഉപേക്ഷിക്കുമെന്ന് നിങ്ങൾക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും. നിങ്ങൾ അത് പ്രതീക്ഷിക്കേണ്ടതില്ലെന്നും ദിഗ്വിജയ്സിങ് പറഞ്ഞു.
അതേസമയം, മധ്യപ്രദേശിൽ കോൺഗ്രസിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഈ ആഴ്ച ആദ്യം മുൻ എം.എൽ.എ ദിനേശ് അഹിർവാറും വിദിഷയിൽ നിന്നുള്ള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാകേഷ് കടാരെയും ബി.ജെ.പിയിൽ ചേർന്നിരുന്നു.
പാർട്ടിയുടെ തീരുമാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ വി.ഡി. ശർമ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പാർട്ടി നിരസിച്ചതിൽ അസ്വസ്ഥരായ കോൺഗ്രസ് നേതാക്കൾക്കായി ബി.ജെ.പിയുടെ വാതിലുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.