India
Kamal Nath Plays Pacifier Between Sachin Pilot Ashok Gahlot
India

സച്ചിന്‍ പൈലറ്റ് - ഗെഹ്‍ലോട്ട് തര്‍ക്കം: മധ്യസ്ഥനായി കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ്

Web Desk
|
14 April 2023 8:34 AM GMT

2020ല്‍ അഹമ്മദ് പട്ടേലിന്‍റെ വിയോഗം മുതല്‍ കോണ്‍ഗ്രസ് സ്ഥിരമായി തര്‍ക്ക പരിഹാരങ്ങള്‍ക്ക് നിയോഗിക്കുന്നത് കമല്‍നാഥിനെയാണ്.

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ അശോക് ഗെഹ്‌ലോട്ട് - സച്ചിൻ പൈലറ്റ് തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം. സച്ചിൻ പൈലറ്റ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തി.

2022 ജൂണിൽ മഹാ അഘാഡി സർക്കാർ പ്രതിസന്ധിയിലായപ്പോഴും കോണ്‍ഗ്രസ് നിരീക്ഷകനായി വിട്ടത് കമല്‍നാഥിനെയായിരുന്നു. 2020ല്‍ അഹമ്മദ് പട്ടേലിന്‍റെ വിയോഗം മുതല്‍ കോണ്‍ഗ്രസ് സ്ഥിരമായി തര്‍ക്ക പരിഹാരങ്ങള്‍ക്ക് നിയോഗിക്കുന്നത് കമല്‍നാഥിനെയാണ്. 2019ൽ മഹാരാഷ്ട്രയില്‍ എം‌.വി.‌എ സഖ്യം രൂപീകരിക്കുന്നതിലും കമല്‍നാഥ് നിര്‍ണായക പങ്കുവഹിച്ചു. എന്‍.സി.പിയെയും ശിവസേനയെയും ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം നേതൃത്വം നല്‍കി. ബി.ജെ.പിയെപ്പോലെ ശിവസേനയ്ക്ക് ആർ.എസ്.എസുമായി പൊക്കിൾക്കൊടി ബന്ധമില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വാദിച്ചത് കമല്‍നാഥാണ്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കമല്‍നാഥ്. സഞ്ജയ് ഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായിരുന്നു.

അഴിമതിക്കെതിരെ എന്ന പേരിലാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ ഒരു ദിവസത്തെ നിരാഹാര സമരം സംഘടിപ്പിച്ചത്. ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതികളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ സമരം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാലിക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. ലഹരി മാഫിയ, അനധികൃത ഖനനം, ഭൂമി കയ്യേറ്റം എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. വസുന്ധരരാജെ സിന്ധ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗെഹ്‍ലോട്ടിന്‍റെ പഴയ വീഡിയോ സച്ചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു. എന്തുകൊണ്ട് ഗെഹ്‍ലോട്ട് ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തിയില്ലെന്നും സച്ചിന്‍ പൈലറ്റ് ചോദിച്ചു. മുൻ ബി.ജെ.പി സർക്കാരിനെതിരെ കോൺഗ്രസ് സർക്കാരിന്റെ പക്കൽ തെളിവുകൾ ഉണ്ടെന്നും എന്നിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.

"ഈ വാഗ്ദാനങ്ങൾ പാലിക്കാതെ നമുക്ക് തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല. നമ്മുടെ പക്കൽ തെളിവുകൾ ഉണ്ട്. നമ്മള്‍ നടപടിയെടുക്കേണ്ടതായിരുന്നു. നമ്മള്‍ അന്വേഷിക്കണം. ഇനി തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. മാതൃകാ പെരുമാറ്റച്ചട്ടം ഉടൻ ഉണ്ടാകും. നമ്മള്‍ ജനങ്ങളോട് ഉത്തരം പറയണം"- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെതിരെ തുറന്ന പോരിനിറങ്ങിയ സച്ചിന്‍ പൈലറ്റിനെ ആം ആദ്മി പാര്‍ട്ടിയും രാഷ്ട്രീയ ലോക്‍താന്ത്രിക് പാര്‍ട്ടിയും പിന്തുണച്ചു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിച്ച് മത്സരിക്കുകയാണെങ്കിൽ അദ്ദേഹവുമായി സഖ്യമുണ്ടാക്കുമെന്ന് ആര്‍.എല്‍.പി അധ്യക്ഷനും എം.പിയുമായ ഹനുമാൻ ബെനിവാൾ പറഞ്ഞു- "ഷെഖാവതി, മർവാർ മേഖലകളിൽ ആർ.എൽ.പിക്ക് സ്വാധീനമുണ്ട്. സച്ചിന്‍ പൈലറ്റ് ഞങ്ങളോടൊപ്പം വന്നാൽ കിഴക്കൻ രാജസ്ഥാനിൽ ശക്തമായ നിലയിലാകും. സർക്കാർ രൂപീകരിക്കാൻ പോലും ഞങ്ങള്‍ക്ക് കഴിയും".

രാജസ്ഥാനില്‍ 200 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ല എന്നതാണ് എ.എ.പി അഭിമുഖീകരിക്കുന്ന പ്രശ്നം. ആം ആദ്മി പാർട്ടിയുടെ രാജസ്ഥാന്‍റെ ചുമതലയുള്ള വിനയ് മിശ്ര ട്വീറ്റ് ചെയ്തതിങ്ങനെ- "ഇന്ന് ആരെങ്കിലും രാജസ്ഥാന്‍ കൊള്ളയടിച്ചിട്ടുണ്ടെങ്കിൽ അത് വസുന്ധര രാജെയുടെയും അശോക് ഗെഹ്‍ലോട്ടിന്റെയും സഖ്യമാണ്. ഇതിന്റെ ഫലമായി രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് രാജസ്ഥാനാണ് (അഞ്ച് ലക്ഷം കോടി രൂപ). ഇന്ന് വിദ്യാസമ്പന്നനായ സച്ചിൻ പൈലറ്റ് അവരുടെ കൂട്ടുകെട്ട് തുറന്നുകാട്ടുകയാണ്. അതിനാൽ രാജസ്ഥാനിലെ ജനങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കണം".

അതേസമയം സച്ചിന്‍ പൈലറ്റിന്‍റെ ആരോപണങ്ങളോട് അശോക് ഗെഹ്‍ലോട്ട് പ്രതികരിച്ചിട്ടില്ല. രാജസ്ഥാനെ സാമ്പത്തികമായി രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷൻ 2030ലാണ് തന്റെ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളൊന്നും വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Similar Posts