India
ചിലർക്ക് സ്വന്തം ഗ്രാമത്തിൽ 50 വോട്ടൊക്കെയാണ് കിട്ടിയത്, ഇതെങ്ങനെ?; തോൽവിക്ക് പിന്നാലെ കമൽനാഥ്
India

'ചിലർക്ക് സ്വന്തം ഗ്രാമത്തിൽ 50 വോട്ടൊക്കെയാണ് കിട്ടിയത്, ഇതെങ്ങനെ?'; തോൽവിക്ക് പിന്നാലെ കമൽനാഥ്

Web Desk
|
5 Dec 2023 8:21 AM GMT

66 സീറ്റു മാത്രമാണ് കോൺഗ്രസിന് മധ്യപ്രദേശില്‍ നേടാനായത്.

ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ചോദ്യങ്ങളുയർത്തി കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമൽനാഥ്. ചില എംഎൽഎമാർക്ക് അവരുടെ ഗ്രാമങ്ങളിൽ അമ്പത് വോട്ടുകൾ മാത്രമേ കിട്ടിയുള്ളൂ എന്നും അതെങ്ങനെ സംഭവിച്ചു എന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേർന്ന പാർട്ടി അവലോകന യോഗത്തിന് ശേഷം ഭോപ്പാലിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ എല്ലാവർക്കും അറിയാം. ചില എംഎൽഎമാർ എന്നെ കണ്ടിരുന്നു.സ്വന്തം ഗ്രാമത്തിൽ അമ്പത് വോട്ടുകൾ മാത്രമേ തങ്ങൾക്ക് കിട്ടിയുള്ളൂ എന്നാണ് അവർ പറഞ്ഞത്. ഇതെങ്ങനെ സാധ്യമാകും' - അദ്ദേഹം പറഞ്ഞു. തോൽവിയുടെ കാരണങ്ങളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു വരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ് ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ കൃത്രിമം നടന്നതായി ആരോപിച്ചിരുന്നു. 'ചിപ്പുള്ള ഏതു യന്ത്രവും ഹാക്ക് ചെയ്യാം. 2003 മുതൽ ഞാൻ ഇലക്ട്രോണിക് വോട്ടിങ് മെഷീനെ എതിർക്കുന്നുണ്ട്. പ്രൊഫഷണൽ ഹാക്കർമാർക്ക് ഇന്ത്യൻ ജനാധിപത്യത്തെ നിയന്ത്രിക്കാൻ അനുവദിക്കേണ്ടതുണ്ടോ? എല്ലാ രാഷ്ട്രീയപ്പാർട്ടികളും അഭിമുഖീകരിക്കേണ്ട മൗലികമായ ചോദ്യമാണിത്. തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിം കോടതിക്കും ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാനാകും'- എന്നാണ് എക്‌സിൽ (നേരത്തെ ട്വിറ്റർ) പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞത്.

230 അംഗ സഭയിൽ 163 സീറ്റു നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. 66 സീറ്റു മാത്രമാണ് കോൺഗ്രസിന് നേടാനായത്. 2018ലെ തെരഞ്ഞെടുപ്പിൽ 114 സീറ്റ് നേടി കോൺഗ്രസാണ് അധികാരത്തിലെത്തിയിരുന്നത്. ബിജെപിക്ക് കിട്ടിയത് 109 സീറ്റ്. എന്നാൽ മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ 22 എംഎൽഎമാരുമായി പാർട്ടി വിട്ടതോടെ കോൺഗ്രസിന് അധികാരം നഷ്ടമാകുകയായിരുന്നു.

അതിനിടെ, സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തു നിന്ന് കമല്‍നാഥിനെ നീക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. ഇദ്ദേഹത്തിന്‍റെ രാജിയാവശ്യപ്പെട്ടതായാണ് വിവരം. തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനെ കമല്‍നാഥ് സന്ദര്‍ശിച്ചതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അണികളെ കാണുംമുമ്പ് പ്രസിഡണ്ട് ചൌഹാനെ കണ്ടു എന്നാണ് വിമര്‍ശം.

Similar Posts