'ഈദ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കേട്ടത് ഇടിമുഴക്കം പോലൊരു ശബ്ദം'; ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ആഘോഷങ്ങൾ ഉപേക്ഷിച്ച് ഈ ഗ്രാമം
|പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ പരിക്കേറ്റവരെ തോളിലിട്ട് നാട്ടുകാര്‍ ആശുപത്രികളിലേക്ക് ഓടി
സിലിഗുരി: ഈദ് നമസ്‌കാരം കഴിഞ്ഞ് മറ്റ് ആഘോഷങ്ങളിലേക്ക് കടക്കാനിരിക്കെയാണ് പശ്ചിമ ബംഗാളിലെ നിർമ്മൽ ജോട്ടെ ഗ്രാമത്തിലെ ജനങ്ങൾ ഭൂകമ്പം പോലെ നടുക്കുന്ന എന്തോ ശബ്ദം കേട്ടത്... ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി നോക്കുമ്പോൾ കണ്ടത് ട്രെയിനുകൾ പാളം തെറ്റിക്കിടക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പിന്നെ അവരൊന്നും നോക്കിയില്ല. പുത്തൻ വസ്ത്രങ്ങളും ആഘോഷങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സിൽഡയിലേക്ക് പോകുന്ന കാഞ്ചൻ ജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പത്തുപേർ മരിക്കുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള രംഗപാണിക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തെത്തിയ നാട്ടുകാരാണ് അപകടം ആദ്യം നേരിട്ട് കണ്ടത്. ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ ബോഗികളിൽ നിന്ന് പരിക്കേറ്റ യാത്രക്കാരുടെ കരച്ചിലും വേദനപുരണ്ട ഞെരക്കങ്ങളും കേട്ടപ്പോൾ അവർ മറ്റൊന്നും നോക്കിയില്ല.പൊലീസും ഫയർഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി. പരിക്കേറ്റ യാത്രക്കാരെ തോളിലെടുത്ത് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഓടി. അപ്പോഴേക്കും വിവരമറിഞ്ഞ് ആംബുലൻസുകളെല്ലാം എത്തിയിരുന്നു. ചിലർ സ്വന്തം വാഹനങ്ങൾ ആംബുലൻസുകളാക്കി..40 ഓളം യാത്രക്കാരെ ആശുപത്രികളിലെത്തിച്ചു.
'ഈദ് നമസ്‌കാരം കഴിഞ്ഞ് ഞങ്ങൾ വീട്ടിലെത്തിയപ്പോൾ ഇടിമുഴക്കം പോലെയുള്ള ഒരു ശബ്ദം കേട്ടു. ഞങ്ങൾ എല്ലാവരും ഓടിച്ചെന്നപ്പോഴാണ് തീവണ്ടികൾ അപകടത്തിൽപ്പെട്ടത് കണ്ടത്. ആഘോഷങ്ങൾ ഉപേക്ഷിച്ച് ഞങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകട വിവരം പൊലീസിൽ അറിയിച്ചു. ഞങ്ങളുടെ വീടുകളിൽ നിന്ന് ഏണിയും മറ്റുമെടുത്ത് പാളം തെറ്റിയ ബെർത്തുകളിൽ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ചു,'' രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന നാട്ടുകാരിൽ ഒരാൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. 'പാളം തെറ്റിയ ബർത്തുകൾക്കുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. പരിക്കേറ്റ 40 പേരെ ഞങ്ങൾ രക്ഷപ്പെടുത്തുകയും ട്രെയിനിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്തു'. സ്ഥലത്തെ പലചരക്ക് കട ഉടമ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിറങ്ങിയ നാട്ടുകാരിൽ പലരും രാവിലെ മുതൽ പച്ചവെള്ളം പോലും കുടിച്ചിരുന്നില്ല. പക്ഷേ തീവണ്ടിയിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റവര്‍ക്കും തങ്ങളാവും വിധം വെള്ളവും ലഘുഭക്ഷണങ്ങളും എത്തിക്കാൻ അവർ മറന്നില്ല. ആവശ്യക്കാർക്ക് സ്വന്തം വീടുകളിൽ സൗകര്യങ്ങൾ ചെയ്തുകൊടുത്തു. അപകടം നടന്ന് 30 മിനിറ്റിന് ശേഷമാണ് പൊലീസും ആംബുലൻസും സംഭവസ്ഥലത്തെത്തിയത്. അതുവരെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സ്വന്തം വാഹനങ്ങൾ നാട്ടുകാർ വിട്ടു നൽകുകയും ചെയ്തു.
അപകടസ്ഥലത്ത് നിന്ന് കിട്ടിയ മൊബൈൽ ഫോണുകൾ, ലഗേജുകൾ, മറ്റ് സാധനങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും യാത്രക്കാർക്ക് മടക്കി നൽകി. ഉടമകളെ കണ്ടെത്താനാകാത്ത സാധനങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തു. വിദ്യർഥികൾ മുതൽ അടുത്തുള്ള വ്യാപാരികൾ,പലചരക്കുകടക്കാർ,തൊട്ടടുത്തുള്ള വീട്ടുകാർ തുടങ്ങിയവരെല്ലാം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തു.
ഈദ് ആഘോഷങ്ങൾ പോലും ഉപേക്ഷിച്ച് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു. സിലിഗുരി അപകടസ്ഥലം സന്ദർശിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി അഭിനന്ദനവുമായി രംഗത്തെത്തിയത്. മാത്രവുമല്ല,സംസ്ഥാന സർക്കാർ അവർക്ക് ജോലി നൽകുമെന്ന് അവർ പ്രഖ്യാപിച്ചു. അതേസമയം, തങ്ങൾ പ്രതിഫലം പ്രതീക്ഷിച്ചല്ല ഒന്നുംചെയ്‌തെന്നും മനുഷ്യത്വപരമായ കാര്യങ്ങളായിരുന്നു ചെയ്‌തെന്നും രക്ഷാപ്രവർത്തകർ പറയുന്നു.