കങ്കണ അടി വിവാദം; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കർഷക സംഘടനകൾ
|സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ പ്രമുഖ സംഘടനകളാണ് പിന്തുണയുമായി രംഗത്തെത്തിയത്
ഡൽഹി: ബോളിവുഡ് നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന് മർദനമേറ്റ സംഭവത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിന് പിന്തുണയുമായി കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ പ്രമുഖ സംഘടനകളാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. കങ്കണ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തൽ കൃത്യമായ അന്വേഷണം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെ രാജ്യ തലസ്ഥാനം വളഞ്ഞുകൊണ്ടുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനകളാണ് ഇവ രണ്ടും.
ഈ വിഷയത്തിൽ കങ്കണയെ പരിഹസിച്ചുകൊണ്ട് ഉദ്ദവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തുവന്നിരുന്നു. കർഷക സമരത്തിന്റെ സമയത്ത് കങ്കണ നടത്തിയ പരാമർശങ്ങളാണ് സംഭവത്തിനിടയാക്കിയത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ മാതാവ് കർഷക സമരത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ കങ്കണ ഇത്തരമൊരു പരാമർശം നടത്തുമ്പോൾ രോഷമുണ്ടാകുന്നതു സ്വാഭാവികമാണെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. 'ചിലർ വോട്ട് കൊടുക്കും. ചിലർ അടി വച്ചുകൊടുക്കുമെന്നും റാവത്ത് പരിഹസിച്ചു.
പഞ്ചാബിലെ ചണ്ഡിഗഢ് വിമാനത്താവളത്തിൽ ഇന്നലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചെന്നാണ് ആരോപണം. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയതെന്നാണു വിവരം.