നടി കങ്കണ, മുന്‍ കല്‍കട്ട ജഡ്ജി അഭിജിത്, വ്യവസായി നവീന്‍ ജിന്‍ഡാല്‍; ബി.ജെ.പി അഞ്ചാംഘട്ട സ്ഥാനാർഥി പട്ടികയിൽ സർപ്രൈസ് മുഖങ്ങളും
|പിലിബിത്തിൽ വരുൺ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചു. മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദയെയാണ് ഇവിടെ നിർത്തിയിരിക്കുന്നത്
ന്യൂഡൽഹി: ബി.ജെ.പി ഇന്ന് പ്രഖ്യാപിച്ച അഞ്ചാംഘട്ട സ്ഥാനാർഥി പട്ടികയിൽ സർപ്രൈസ് മുഖങ്ങളും. നടി കങ്കണ റണാവത്ത്, നടൻ അരുൺ ഗോവിൽ, അടുത്തിടെ കൽക്കട്ട ഹൈക്കോടതിയിൽനിന്നു രാജിവച്ച ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായ, മുൻ കോൺഗ്രസ് നേതാവായിരുന്ന വ്യവസായി നവീൻ ജിൻഡാൽ എന്നിവർക്കെല്ലാം വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് ലഭിച്ചിട്ടുണ്ട്.
അഞ്ചാംഘട്ട പട്ടികയിൽ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, ബിഹാർ, ഹരിയാന, ഗോവ, ഗുജറാത്ത്, കർണാടക, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡിഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ കങ്കണ റണാവത്തിനെ പ്രഖ്യാപിച്ചതു തന്നെയാണ് പട്ടികയിലെ പ്രധാന സർപ്രൈസ്.
യു.പിയിൽ സുൽത്താൻപൂരിൽ മനേക ഗാന്ധിയും മീറത്തിൽ നടനും രാമായണം സീരിയല്‍ താരവുമായ അരുൺ ഗോവിലുമാണ് സ്ഥാനാർഥികൾ. പിലിബിത്തിൽ വരുൺ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചു. മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദയെയാണ് ഇവിടെ നിർത്തിയിരിക്കുന്നത്. ഇന്ന് കോൺഗ്രസിൽനിന്നു രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന വ്യവസായി നവീൻ ജിൻഡാലിന് ഹരിയാനയിലെ കുരുക്ഷേത്രയിലും അടുത്തിടെ കൽക്കട്ട ഹൈക്കോടതിയിൽനിന്നു രാജിവച്ച് പാർട്ടിയിൽ ചേർന്ന അഭിജിത് ഗംഗോപാധ്യായയ്ക്ക് ബംഗാളിലെ തംലൂക്കിലും സീറ്റുകൾ നൽകിയിട്ടുണ്ട്.
ബിഹാറിലെ ഉജിയാർപൂരിൽ നിത്യാനന്ദ് റായ്, ബെഗുസരായിയിൽ ഗിരിരാജ് സിങ്, പട്‌ന സാഹിബിൽ രവിശങ്കർ പ്രസാദ്, കർണാടകയിലെ ബെൽഗാമിൽ ജഗദീഷ് ഷെട്ടർ, ചിക്കബല്ലപൂരിൽ കെ. സുധാകർ, ഒഡിഷയിലെ സംബാൽപൂരിൽ ധർമേന്ദ്ര പ്രധാൻ, ബാലസോറിൽ പ്രതാപ് സാരംഗി, പുരിയിൽ സംബിത് പാത്ര, ഭുവനേശ്വറിൽ അപരാജിത സാരംഗി, ബംഗാളിലെ ഡാർജീലിങ്ങിൽ രാജു ബിസ്ത, ബർധമാൻ-ദുർഗാപൂരിൽ ദിലീപ് ഗോഷ് എന്നിവരാണ് ഇന്നത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു പ്രമുഖര്‍.
വയനാട്ടിൽ കെ. സുരേന്ദ്രനാണ് ബി.ജെ.പി സ്ഥാനാർഥി. എറണാകുളത്ത് കെ.എസ് രാധാകൃഷ്ണൻ, ആലത്തൂരിൽ ഡോ. ടി.എൻ സരസു, കൊല്ലത്ത് ജി കൃഷ്ണകുമാർ എന്നിവരും മത്സരിക്കും.
Summary: Actress Kangana Ranaut, actor Arun Govil, Judge Abhijit Gangopadhyay, who recently resigned from the Calcutta High Court, and former Congress leader businessman Naveen Jindal have all won BJP seats in various states