'1947ൽ ഏതു യുദ്ധമാണ് നടന്നത്? പറഞ്ഞത് തെറ്റാണെങ്കിൽ പത്മശ്രീ തിരിച്ചു തരാം': കങ്കണ റണാവട്ട്
|ഇൻസ്റ്റഗ്രാം സ്‌റ്റോറീസിലാണ് നടിയുടെ പ്രതികരണം
മുംബൈ: 1947ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യല്ല, ഭിക്ഷയാണെന്ന പരാമർശത്തിലുറച്ച് ബോളിവുഡ് നടി കങ്കണ റണാവട്ട്. പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പത്മ പുരസ്‌കാരങ്ങൾ തിരിച്ചുനൽകുമെന്നും നടി പറഞ്ഞു. പരാമർശത്തിൽ കങ്കണക്കെതിരെ നടപടി വേണമെന്ന് ബിജെപി അടക്കമുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പുരസ്‌കാരങ്ങൾ തിരിച്ചുവാങ്ങണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടിയുടെ വിശദീകരണം.
ഇൻസ്റ്റഗ്രാം സ്‌റ്റോറീസിലാണ് നടിയുടെ പ്രതികരണം. 'ആ അഭിമുഖത്തിൽ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. 1857ലേതായിരുന്നു (ബ്രിട്ടീഷുകാർക്കെതിരെ) ആദ്യത്തെ സ്വാതന്ത്ര്യസമരം. അതോടു കൂടെ സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ഭായ്, വീർ സവർക്കർജി തുടങ്ങിയവരുടെ സമർപ്പണങ്ങൾ. 1947ൽ ഏതു യുദ്ധം നടന്നു എന്നെനിക്കറിയില്ല. 1857ലേത് അറിയാം. ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞുതരുമെങ്കിൽ എന്റെ പത്മ പുരസ്‌കാരങ്ങൾ തിരിച്ചു നൽകാം. മാപ്പും പറയാം. ദയവായി എന്നെയിതിൽ സഹായിക്കൂ' - നടി കുറിച്ചു.
സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസിനെ വിമർശിച്ചു കൊണ്ടുള്ള അരബിന്ദോ ഘോഷ്, ബിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലക് എന്നിവരുടെ ഉദ്ധരണികളും കങ്കണ പങ്കുവച്ചിട്ടുണ്ട്.
അതിനിടെ കങ്കണയ്‌ക്കെതിരെ രാഷ്ട്രീയഭേദമെന്യേ പാർട്ടികൾ രംഗത്തെത്തി. സ്വാതന്ത്ര്യ സമര പോരാളികളെ അപമാനിക്കുന്നതാണ് കങ്കണയുടെ വാക്കുകളെന്ന് ഡൽഹി ബിജെപി നേതാവ് പ്രവീൺ ശങ്കർ കപൂർ പ്രതികരിച്ചു. നടിക്ക് നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്നാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും ആവശ്യപ്പെട്ടത്. പോരാടിയവർക്ക് സ്വാതന്ത്ര്യവും യാചിച്ചവർക്ക് മാപ്പും ലഭിച്ചെന്നാണ്, സവർക്കറുടെ മാപ്പപേക്ഷയെ വ്യംഗമായി സൂചിപ്പിച്ച് കോൺഗ്രസിന്റെ പ്രതികരണം. ഇതിനെ ദേശദ്രോഹമെന്നോ അതോ ഭ്രാന്തെന്നോ, ഏതാണ് വിളിക്കേണ്ടത് എന്നായിരുന്നു ബിജെപി എംപി വരുൺ ഗാന്ധിയുടെ പ്രതികരണം.
കങ്കണ പറഞ്ഞത്
നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കങ്കണ റണാവട്ട് പറഞ്ഞിരുന്നത്. സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
'1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്' - എന്നാണ് കങ്കണ പറഞ്ഞത്. ടൈംസ് നെറ്റ്വർക്ക് ഗ്രൂപ്പ് എഡിറ്റർ നവിക കുമാറായിരുന്നു പരിപാടിയുടെ അവതാരക.
'കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും പറയുമ്പോൾ ഞാൻ ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണ് എന്നാണ് ആരോപണം. ഇതെങ്ങനെയാണ് ബിജെപിയുടെ അജണ്ടയാകുന്നത്. ഇത് രാജ്യത്തിന്റെ അജണ്ടയാണ്. എനിക്കു വേണ്ടി ആരും സംസാരിക്കുന്നില്ലെങ്കിൽ ഞാൻ തന്നെ സംസാരിക്കും.'- അവർ വ്യക്തമാക്കി.
Those who clapped for this Mental #KanganaRanaut saying this are traitors
— Selvin Thomas (@Muzzris) November 10, 2021
pic.twitter.com/zcGDqxLFlw
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കങ്കണ മുക്തകണ്ഠം പ്രശംസിച്ചു. 'പ്രധാനമന്ത്രി ഏറ്റവും വലിയ സൂപ്പർ സ്റ്റാറാണ്. ലോകത്തെ ഏറ്റവും ജനപ്രിയ നേതാവാണ് പ്രധാനമന്ത്രി. അതിൽ സംശയമില്ല. നമ്മെ നയിക്കാൻ അദ്ദേഹത്തെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്.' - അവർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാജ്യം കങ്കണയെ പത്മശ്രീ നൽകി ആദരിച്ചത്. പങ്ക, മണികർണിക എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ഇത് കങ്കണയുടെ നാലാമത് ദേശീയ പുരസ്‌കാരമാണ്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ റിലീസായ പുതിയ ചിത്രം. ധക്കഡ്, തേജസ് എന്നീ ചിത്രങ്ങളാണ് കങ്കണയുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ.
Content highlights: Bollywood actress Kangana Ranaut has said that what India got in 1947 was not independence but begging. The actress said that the Padma awards will be returned if it is proved wrong. In the reference, parties, including the BJP, had demanded action against Kangana. There was also a demand for the awards to be withdrawn. The actress' explanation is in this context.