രാഷ്ട്രീയക്കാര്‍ പിന്നെ ഗോല്‍ഗപ്പ വില്‍ക്കണോ? സ്വാമി അവിമുക്തേശ്വാരനന്ദക്കെതിരെ കങ്കണ
|ഈയിടെ അവിമുക്തേശ്വാരനന്ദയും ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച നടത്തിയിരുന്നു
മുംബൈ: ഉദ്ധവ് താക്കറെ വഞ്ചനയുടെ ഇരയാണെന്ന ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വാരനന്ദ സരസ്വതിയുടെ പരാമര്‍ശത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ ഷിന്‍ഡെയെ പിന്തുണച്ച് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. ഷിൻഡെയെ രാജ്യദ്രോഹിയെന്നും വഞ്ചകനെന്നും വിശേഷിപ്പിച്ചതിലൂടെ അവിമുക്തേശ്വരാനന്ദ എല്ലാവരുടെയും വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് കങ്കണ ആരോപിച്ചു.
''രാഷ്ട്രീയത്തില്‍ സഖ്യമുണ്ടാക്കുന്നതും വിഭജനവും ഉടമ്പടികളുമെല്ലാം സര്‍വസാധാരണമാണ്. കോൺഗ്രസ് പാർട്ടി 1907-ലും പിന്നീട് 1971-ലും പിളർന്നു. ഒരു രാഷ്ട്രീയക്കാരൻ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ പിന്നെ ഗോൽഗപ്പ വിൽക്കുമോ?" നടി എക്സില്‍ കുറിച്ചു. സ്വാമി അവിമുക്തേശ്വരാനന്ദ നിസ്സാര പരാമര്‍ശങ്ങളിലൂടെ ഹിന്ദു മതത്തെ അപമാനിച്ചുവെന്നും കങ്കണ ആരോപിച്ചു. ''ശങ്കരാചാര്യ തൻ്റെ വാക്കുകളും സ്വാധീനവും ദുരുപയോഗം ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ രാജ്യദ്രോഹിയും വഞ്ചകനുമാണെന്ന് ആരോപിച്ച് അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളുടെ എല്ലാവരുടെയും വികാരം വ്രണപ്പെടുത്തി,” മാണ്ഡി എം.പി പറഞ്ഞു.
ഈയിടെ അവിമുക്തേശ്വാരനന്ദയും ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച നടത്തിയിരുന്നു. മുംബൈയിലെ താക്കറെയുടെ വസതിയായ മാതോശ്രീയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇതിനു പിന്നാലെയായിരുന്നു അവിമുക്തേശ്വാരനന്ദയുടെ പ്രസ്താവന. ''ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടു. നിരവധി പേര്‍ക്ക് അതില്‍ വേദനയുണ്ട്. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നതുവരെ ജനങ്ങളുടെ വേദന ശമിക്കില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു'' എന്നായിരുന്ന സ്വാമി പറഞ്ഞത്. "നാമെല്ലാവരും സനാതന ധർമ്മത്തിന്റെ അനുയായികളാണ്. 'പാപ'ത്തിനും 'പുണ്യ'ത്തിനും നമുക്കൊരു നിർവചനമുണ്ട്. വഞ്ചന ഏറ്റവും വലിയ പാപമാണെന്ന് പറയപ്പെടുന്നു, ഉദ്ധവ് താക്കറെയ്ക്കും അതുതന്നെ സംഭവിച്ചു,”സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു.
ഏക്നാഥ് ഷിന്‍ഡെയുടെ പേര് പറയാതെയായിരുന്നു സ്വാമിയുടെ പരാമര്‍ശം. '' ഒറ്റിക്കൊടുക്കുന്നയാൾ ഒരിക്കലും ഹിന്ദുവായിരിക്കില്ല, വഞ്ചന സഹിക്കുന്നവൻ ഹിന്ദുവാണ്. മഹാരാഷ്ട്രയിലെ മുഴുവൻ ജനങ്ങളും വഞ്ചനയിൽ വ്യസനിച്ചിരിക്കുകയാണെന്നും ഇത് സമീപകാല (ലോക്സഭാ) തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.