India
മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ കർഷകർ കങ്കണയെ തടഞ്ഞു
India

മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ കർഷകർ കങ്കണയെ തടഞ്ഞു

Web Desk
|
3 Dec 2021 12:56 PM GMT

വനിത കർഷകരോട് സംസാരിച്ച് സന്ധിയിലെത്തിയ ശേഷം കങ്കണ പതിയെ സ്ഥലം വിടുകയായിരുന്നു

തങ്ങളെ ഖാലിസ്ഥാൻ തീവ്രവാദികളെന്ന് വിളിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിനെ കർഷകർ പഞ്ചാബിൽ തടഞ്ഞു. കേന്ദ്ര സർക്കാർ പിൻവലിച്ച കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത കർഷകരെ ഖാലിസ്ഥാൻ തീവ്രവാദികളെന്നും സാമൂഹിക വിരുദ്ധരെന്നും കങ്കണ വിളിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചാബിലെ കിർത്താപൂർ സാഹിബിൽ കങ്കണയെ കർഷകർ തടഞ്ഞത്. വെള്ളിയാഴ്ച പ്രദേശത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കങ്കണയുടെ കാർ കൊടികളേന്തി മുദ്രാവാക്യവുമായെത്തിയ കർഷകർ തടയുകയായിരുന്നു. തുടർന്ന് അവിടെ തടിച്ചു കൂടിയ ജനക്കൂട്ടം തന്നെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കങ്കണ ഇൻസ്ഗ്രാം സ്‌റ്റോറിയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. ''ഇതാണ് ആൾക്കൂട്ട ആക്രമണം. എന്റെ കൂടെ സംരക്ഷകരില്ലെങ്കിൽ ഞാനെന്ത് ചെയ്യുമായിരുന്നു. ഈ സാഹചര്യം വിശ്വസിക്കാൻ കഴിയുന്നില്ല. ഞാനൊരു രാഷ്ട്രീയക്കാരിയാണോ?. എന്തുതരം പെരുമാറ്റമാണിത്'' കങ്കണ പറഞ്ഞു.

വനിത കർഷകരോട് സംസാരിച്ച് സന്ധിയിലെത്തിയ ശേഷം കങ്കണ പതിയെ സ്ഥലം വിടുകയായിരുന്നു. കടുത്ത ബിജെപി അനുകൂലിയായ നടി കേന്ദ്രസർക്കാറിന് തലവേദനയാകും വിധം ഡൽഹി കേന്ദ്രീകരിച്ച് സമരം നടത്തിയ കർഷകരെ അവഹേളിച്ച് നിരന്തരം പ്രസ്താവനകൾ നടത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരെ നടന്ന ഡൽഹി ഷഹീൻ ബാഗ് സമരത്തിനെതിരെയായിരുന്നു തനിക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നതെന്ന് കങ്കണ കർഷകരോട് പറഞ്ഞു. എന്നാൽ കർഷക സമരക്കാരെ ഖാലിസ്ഥാനി തീവ്രവാദികളെന്ന് കങ്കണ വിളിച്ചിരുന്നു.


ട്വിറ്ററിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടതിന് ശേഷം കങ്കണ ഇൻസ്ഗ്രാം വഴിയാണ്‌ കൂടുതൽ ഇടപെടലുകൾ നടത്തുന്നത്. കർഷകരെ അവഹേളിച്ചതും ഇൻസ്ഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു. കർഷകർ ഇവരെ തടഞ്ഞതും തുടർന്നുള്ള സംഭാഷണവുമൊക്കെ നടി ഇൻസ്ഗ്രാമിൽ സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.



ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ കർഷക സമരത്തെ ബോധപൂർവം ഖലിസ്ഥാനി പ്രസ്ഥാനമായി ചിത്രീകരിക്കുകയും സിഖ് സമുദായത്തെ ഖലിസ്ഥാനി ഭീകരന്മാരായി അവതരിപ്പിക്കുകയും ചെയ്തതിന് മുംബൈ പൊലിസ് കങ്കണയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡൽഹിയിലെ സിഖ് ഗുരുദ്വാര കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഐപിസി 295 എ പ്രകാരമായിരുന്നു കേസെടുത്തത്. 1984ലെ സിഖ് കൂട്ടക്കൊല ഓർമിപ്പിച്ച കങ്കണ സംഭവം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ആസൂത്രിതമായ നീക്കമാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. അന്ന് സിഖുകാർ ഇന്ദിരയുടെ ഷൂവിനു താഴെ ചവിട്ടിയരക്കപ്പെട്ടെന്നും കങ്കണ പറയുന്നുണ്ട്. ഡൽഹി ഗുരുദ്വാര കമ്മിറ്റി അധ്യക്ഷനും ശിരോമണി അകാലിദൾ നേതാവുമായ മഞ്ചീന്ദർ സിങ് സിർസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്.

സിഖ് സമൂഹത്തിനെതിരായ 'ഖലിസ്ഥാനി ഭീകരവാദ' പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന് ഡൽഹി നിയമസഭയ്ക്കു കീഴിലുള്ള പീസ് ആൻഡ് ഹാർമണി കമ്മിറ്റി സമൻസ് അയച്ചിരുന്നു. ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് മുൻപാകെ ഡിസംബർ ആറിനുമുൻപായി ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.


കർഷക സമരത്തെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് പൊലിസ് സ്റ്റേഷനിലെത്തിയിരുന്നു. ഹിമാചൽപ്രദേശിലെ സ്റ്റേഷനിലാണ് കങ്കണ പരാതി നൽകിയത്. തനിക്കുനേരെ വധഭീഷണിയെന്നും കങ്കണ പറഞ്ഞു. എഫ്ഐആറിന്റെ പകർപ്പ് പങ്കുവെച്ചു കങ്കണ റണാവത്ത് കുറിച്ചതിങ്ങനെ- 'മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട്, രാജ്യദ്രോഹികളോട് ഒരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ചെയ്യരുത് എന്നാണ് ഞാൻ എഴുതിയത്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ രാജ്യത്തിനുള്ളിലെ വഞ്ചകർക്ക് പങ്കുണ്ട്. പണത്തിനും ചിലപ്പോൾ സ്ഥാനത്തിനും അധികാരത്തിനും വേണ്ടി രാജ്യദ്രോഹികൾ ഭാരതാംബയെ അപകീർത്തിപ്പെടുത്തുന്നു. അവർ ദേശവിരുദ്ധ ശക്തികളെ ഗൂഢാലോചനകളിൽ സഹായിക്കുന്നു. എൻറെ വാക്കുകളെ ചൊല്ലിയാണ് വധഭീഷണി. ബതിൻഡയിലെ ഒരു സഹോദരൻ എന്നെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള ഭീഷണികളെ ഞാൻ ഭയപ്പെടുന്നില്ല. ഭീഷണിക്കെതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ട്. പഞ്ചാബ് സർക്കാരും ഉടൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യമാണ് എനിക്ക് പരമപ്രധാനം. രാജ്യത്തിനായി എന്തു ത്യാഗത്തിനും ഞാൻ തയ്യാറാണ്. ഭയപ്പെടില്ല. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് ഞാൻ രാജ്യദ്രോഹികൾക്കെതിരെ തുറന്ന് സംസാരിക്കും.

Similar Posts