കങ്കണാ റണാവത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹരജി; കോടതി നോട്ടീസ് അയച്ചു
|വരണാധികാരി നാമനിർദേശപത്രിക തള്ളിയ ലായക് റാം നേഗിയാണ് കങ്കണക്കെതിരെ ഹരജി നൽകിയത്.
ഷിംല: നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹിമാചൽ കോടതിയിൽ ഹരജി. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽനിന്നാണ് കങ്കണ തെരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരി നാമനിർദേശപത്രിക തള്ളിയ ലായക് റാം നേഗിയാണ് കങ്കണക്കെതിരെ ഹരജി നൽകിയത്. ഹരജി പരിഗണിച്ച കോടതി കങ്കണ റണാവത്തിന് നോട്ടീസ് അയച്ചു.
തന്റെ നാമനിർദേശപത്രിക തള്ളിയ വരണാധികാരിയുടെ നടപടി തെറ്റാണെന്നാണ് നേഗിയുടെ വാദം. മുൻ സർക്കാർ ജീവനക്കാരനും കിന്നൗർ സ്വദേശിയുമായ നേഗി താൻ സർവീസിൽനിന്ന് സ്വമേധയാ വിരമിച്ചെന്ന് വ്യക്തമാക്കി ജോലി ചെയ്ത വകുപ്പിൽനിന്ന് കുടിശ്ശികയില്ല എന്ന സർട്ടിഫിക്കറ്റ് നാമനിർദേശപത്രികക്കൊപ്പം ഹാജരാക്കിയിരുന്നു. എന്നാൽ വൈദ്യുതി, വെള്ളം, ടെലിഫോൺ വകുപ്പുകളിൽ നിന്നുള്ള കുടിശ്ശികയില്ല സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട വരണാധികാരി പത്രിക നിരസിച്ചെന്നും നേഗി ആരോപിക്കുന്നു.
മെയ് 14നാണ് നേഗി സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചത്. റിട്ടേണിങ് ഓഫീസർ ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചത് 15നായിരുന്നു. ഇത് സമർപ്പിച്ചപ്പോൾ റിട്ടേണിങ് ഓഫീസർ സ്വീകരിച്ചില്ലെന്നും പത്രിക തള്ളിയെന്നുമാണ് പരാതി. മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടിനാണ് കങ്കണ പരാജയപ്പെടുത്തിയത്.