മഥുര സന്ദർശിച്ച് കങ്കണ; തനിക്ക് പാർട്ടിയില്ല, ദേശീയവാദികൾക്കൊപ്പമാണെന്ന് നടി
|ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടി മഥുരയിലെത്തിയതിന് രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്
ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുര സന്ദർശിച്ചെന്നും അവിടെയുള്ള രാജ്യാതിർത്തിയിലേതിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീക്കിത്തരുമെന്നും ബോളിവുഡ് നടി കങ്കണ റണാവത്ത്. ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദ പ്രദേശം സന്ദർശിച്ച നടി തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും എന്നാൽ ദേശീയ വാദികൾക്കായി നിലകൊള്ളുമെന്നും പറഞ്ഞു. മഥുരയിലേക്ക് പുറപ്പെട്ടത് മുതലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. പ്രദേശം വളരെ സുരക്ഷ ഒരുക്കിയ ഇടമാണെന്നും എല്ലായിടത്തും പ്രവേശിക്കാനോ ഫോട്ടോയെടുക്കാനോ അനുമതിയില്ലെന്നും നടി കുറിച്ചു. എന്നാൽ ഇവിടുത്തെ എല്ലാ സ്ഥലങ്ങളും ജനങ്ങൾ യോഗി തുറന്നുകൊടുക്കുമെന്ന പ്രതീക്ഷിക്കുന്നതായും നടി പറഞ്ഞു. യോഗിയുടെ ഔദ്യോഗിക അക്കൗണ്ട് മെൻഷൻ ചെയ്തു കൊണ്ടായിരുന്നു നടിയുടെ പരാമർശം.
പൗരത്വ നിയമം, കാർഷിക നിയമം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബിജെപിയുടെ കേന്ദ്രസർക്കാറിന് അനുകൂലമായ നിലപാടാണ് നടി സ്വീകരിക്കുന്നത്. ഇവക്കെതിരെ പ്രതിഷേധിച്ചവരെ അവഹേളിച്ചതിന് നടിക്കെതിരെ നിരവധി കേസുകളുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാബിൽ നടിയെ കർഷകർ തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നടി മഥുരയിലെത്തിയതിന് പിന്നിൽ രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ബാബരി മസ്ജിദിന് ശേഷം ഹിന്ദുത്വ വാദികൾ ലക്ഷ്യമിട്ട ഷാഹി ഈദ് ഗാഹ് മസ്ജിദ് മഥുരയിലാണുള്ളത്. ഇവിടെയാണ് ശ്രീകൃഷ്ണന്റെ യഥാർത്ഥ ജന്മഭൂമിയെന്ന് ഹിന്ദുത്വ വാദികൾ അവകാശപ്പെടുന്നുണ്ട്. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ പ്രാദേശിക കോടതികളെ സമീപിച്ചിരുന്നു. ഈ ഹരജികൾ കോടതി പരിഗണനയിലിരിക്കുകയാണ്.
പള്ളിയിൽ ഡിസംബർ ആറിന് ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ ഭീഷണി മുഴക്കിയിരുന്നു. പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്രം ഘട്ടിൽ നിന്ന് ശ്രീകൃഷ്ണ ജൻമസ്ഥാനിലേക്ക് മാർച്ച് നടത്തുമെന്നും തീവ്ര ഹിന്ദുത്വ സംഘടനയായ നാരായണി സേന പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് മഥുര ജില്ലാ ഭരണകൂടം സിആർപിസി സെക്ഷൻ 144 പ്രകാരം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷാഹി മസ്ജിദ് നിലനിൽക്കുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജൻമസ്ഥലമാണെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. പതിനേഴാം നൂറ്റാണ്ടിലാണ് ഈ പള്ളി നിർമിച്ചത്.
ഗണേശ് ചതുർത്ഥിയുടെ ഭാഗമായി ഉത്തർപ്രദേശിലെ തീർത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പനയും യോഗി സർക്കാർ നിരോധിച്ചിരുന്നു. മഥുരയുടേയും വൃന്ദാവന്റേയും ചുറ്റുമുള്ള പ്രദേശം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീർത്ഥാടന കേന്ദ്രമാണെന്നും വ്യക്തമാക്കിയായിരുന്നു നിരോധനം. മഥുരയിൽ മാംസവും മദ്യവും വിൽക്കുന്നത് നിരോധിക്കുമെന്ന് യോഗി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ മദ്യവും മാംസവും വിൽപ്പന നടത്തുന്നവർ പാൽ വിൽപനയടക്കമുളള മറ്റു ജോലികളിലേക്ക് തിരിയണമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് മദ്യവും മാംസവും വിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.