'കോണ്‍ഗ്രസിലേക്കില്ല, നടന്നത് സൗഹൃദ സംഭാഷണം': വാര്‍ത്തകള്‍ നിഷേധിച്ച് കനയ്യ കുമാര്‍
|''2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പ്രശാന്ത് കിഷോറുമായി പലപ്പോഴും കൂടിക്കാഴ്ച നടത്താറുണ്ട്''
കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് കൂടുമാറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍. നടന്നത് സൗഹൃദസംഭാഷണമാണെന്ന് കനയ്യ വിശദീകരിച്ചു. ''അതിലൊരു സത്യവുമില്ല. ഞാന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ സജീവമാണ്. ഞാനൊരു രജിസ്റ്റര്‍ ചെയ്ത ദേശീയ പാര്‍ട്ടി അംഗമാണ്. രാഷ്ട്രീയത്തിലാവുമ്പോള്‍ നിരവധി ആളുകളുമായി ഇടപഴകും. നിലവില്‍ ഞാന്‍ പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവില്‍ പങ്കെടുക്കുന്നതിനായി ദല്‍ഹിയിലാണ്''- കനയ്യ കുമാര്‍ പറഞ്ഞു.
അടുത്തിടെ രാഹുല്‍ ഗാന്ധിയുമായി രണ്ടു തവണ കനയ്യ കൂട്ടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ടു കൂടിക്കാഴ്ച്ചകളിലും തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പങ്കെടുത്തിരുന്നതായും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും പേരുവെളിപ്പെടുത്തരുതെന്ന ധാരണയില്‍ ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'ദല്‍ഹിയില്‍വെച്ച് കോണ്‍ഗ്രസ് നേതാവ് നദീം ജാവേദിനൊപ്പം ഉച്ചഭക്ഷണം കഴിച്ചിരുന്നു. നദീം എന്‍.എസ്.യു.ഐ മുന്‍ ദേശീയ പ്രസിഡന്‍റാണ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയാണ്, കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ മുന്‍ ദേശീയ പ്രസിഡന്‍റാണ്. അദ്ദേഹം ഞങ്ങളൊരുമിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു' കനയ്യ പറഞ്ഞു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പ്രശാന്ത് കിഷോറുമായി പലപ്പോഴും കൂടിക്കാഴ്ച നടത്താറുണ്ടെന്നും കനയ്യ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സി.പി.ഐ നേതൃത്വവുമായി കനയ്യ അകല്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരാജയപ്പെട്ട കനയ്യയ്ക്ക് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നേതൃത്വം സീറ്റ് നല്‍കിയിരുന്നില്ല. തുടര്‍ന്ന കനയ്യയെ പിന്തുണക്കുന്ന വിഭാഗം പട്നയിലെ സി.പി.ഐ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയ്യേറ്റം ചെയ്യുകയും ഹൈദരാബാദില്‍ വെച്ച് നടന്ന സി.പി.ഐ പാര്‍ട്ടി യോഗത്തില്‍ കനയ്യക്ക് എതിരെ അച്ചടക്ക ലംഘനത്തിന് പ്രമേയം പാസാക്കുകയും ചെയ്തു.