കൈപിടിച്ച് കനയ്യയും ജിഗ്നേഷും; ഇനി പോരാട്ടം കോണ്‍ഗ്രസിനൊപ്പം
|ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കനയ്യ അംഗത്വം സ്വീകരിച്ചത്. സാങ്കേതിക പ്രശ്നങ്ങളുള്ളതുകാരണം ഇപ്പോള്‍ അംഗത്വമെടുക്കാനാകില്ലെന്ന് ജിഗ്നേഷ് മേവാനിയും അറിയിച്ചു
കൈപിടിച്ച് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും. ഇനി പോരാട്ടം കോണ്‍ഗ്രസിനൊപ്പം. ഏറെനാളത്തെ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചാണ് സിപിഐ മുന്‍നേതാവ് കൂടിയായ കനയ്യയും ഗുജറാത്തില്‍നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷും കോണ്‍ഗ്രസിനൊപ്പം ചേരുന്നത്. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തെത്തിയാണ് കനയ്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എന്നാല്‍, ജിഗ്നേഷ് മേവാനി അംഗത്വം സ്വീകരിച്ചിട്ടില്ല. നിലവിൽ സ്വതന്ത്ര എംഎൽഎ ആയതിനാല്‍ ഔദ്യോഗികമായി കോൺഗ്രസിൽ ചേരാൻ സാങ്കേതിക പ്രശ്നമുള്ളതിനാലാണ് അംഗത്വമെടുക്കാത്തതെന്നാണ് ജിഗ്നേഷ് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു കനയ്യയും ജിഗ്നേഷും പാര്‍ട്ടിയില്‍ ചേര്‍ന്നത്. വൈകീട്ട് അഞ്ചു മണിയോടെയാണ് ഇരുവരും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്. ഇതിനുമുന്‍പ് രാഹുല്‍ ഗാന്ധിക്കൊപ്പം ഡല്‍ഹിയിലെ ശഹീദ് ഭഗത് സിങ് പാര്‍ക്കിലെത്തി സ്മാരകസ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ദിവസങ്ങള്‍ക്കുമുന്‍പാണ് കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസില്‍ ചേരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിറകെയായിരുന്നു ഇത്. എന്നാല്‍, കനയ്യയെ അനുനയിപ്പിക്കാന്‍ സിപിഐയുടെ ദേശീയ നേതൃത്വം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
Shri @RahulGandhi with Shri #KanhaiyaKumar and Gujarat MLA Shri @jigneshmevani80 at Shaheed-E-Azam Bhagat Singh Park, ITO, Delhi. pic.twitter.com/POlyraX8Wo
— Congress (@INCIndia) September 28, 2021
ജെഎൻയുവിൽ വിദ്യാർഥി നേതാവായിരിക്കെ ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധനേടിയ കനയ്യയ്ക്ക് ബിഹാറിലെ പാർട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ചുമതലയായിരിക്കും കോണ്‍ഗ്രസ് നൽകുക. കനയ്യയ്ക്കു പിറകെ കൂടുതൽ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കോൺഗ്രസിലെത്തുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്. രാഹുൽ ഗാന്ധിക്കു പുറമെ പ്രിയങ്ക ഗാന്ധിയുമായും കഴിഞ്ഞ ദിവസങ്ങളിൽ കനയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെഗുസെരായ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും കനയ്യ പരാജയപ്പെട്ടു. ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് നാലു ലക്ഷത്തിലേറെ വോട്ടിനാണ് പരാജയപ്പെട്ടത്.
ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ജിഗ്നേഷ് മേവാനി. രാഷ്ട്രീയ ദലിത് അധികാർ മഞ്ച്(ആർഡിഎഎം) നേതാവുമാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന ഘടകം വർക്കിങ് പ്രസിഡന്റ് പദവി നൽകുമെന്നാണ് റിപ്പോര്‍ട്ട്.