കാവഡ് യാത്ര വിവാദം; യു.പി സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
|വിവാദ ഉത്തരവിനെതിരെയുള്ള ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: കാവഡ് യാത്ര വിവാദത്തിൽ ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കാവഡ് യാത്ര സമാധാനപരമായി നടത്താനും തീർഥാടകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഉത്തരവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ആകസ്മികമായി പോലും കാവഡ് യാത്രക്കാരുടെ വിശ്വാസം തകർക്കപ്പെടരുത്. നോൺ വെജ് ഭക്ഷണത്തിന് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കച്ചവടത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും യു.പി സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.
കാവഡ് യാത്രയിലെ വിവാദ ഉത്തരവിനെതിരെയുള്ള ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. യാത്രകടന്നുപോകുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഹോട്ടൽ ഉടമയുടെ പേര് കടയ്ക്ക് പുറത്ത് എഴുതിവയ്ക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകളുടെ വിവാദ ഉത്തരവ് സുപ്രിം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തിരുന്നു. തുടർന്ന് യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകൾക്ക് നോട്ടീസും അയക്കുകയും ഇന്നത്തേക്ക് ഹരജി പരിഗണിക്കാൻ മാറ്റുകയുമായിരുന്നു.