ഹിന്ദു നിയമപ്രകാരമുള്ള വിവാഹത്തില്‍ കന്യാദാന ചടങ്ങ് ആവശ്യമില്ല; അലഹാബാദ് ഹൈക്കോടതി
|വിവാഹ സമയത്ത് പിതാവ് തന്‍റെ പുത്രിയുടെ വലതുകൈ വെറ്റിലയോടു കൂടി വരനെ പിടിപ്പിക്കുന്നതാണ് ചടങ്ങ്
ലഖ്നൗ: ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹത്തിന് ‘കന്യാദാനം’ ചടങ്ങ് ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി.എന്നാല്‍ 'സപ്തപദി'ചടങ്ങ്(വധൂവരന്‍മാര്‍ ഏഴു തവണ അഗ്നിക്ക് ചുറ്റും വലംവയ്ക്കുന്നത്' ഹിന്ദു വിവാഹത്തിൻ്റെ അനിവാര്യമായ ചടങ്ങാണെന്ന് ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് സുഭാഷ് വിദ്യാർഥി അടങ്ങുന്ന സിംഗിൾ ബെഞ്ച് പ്രസ്താവിച്ചു.
ഹൈന്ദവ ആചാര പ്രകാരമുള്ള വിവാഹസമയത്തെ ഒരു പ്രധാന ചടങ്ങാണ് കന്യദാനം. വിവാഹ സമയത്ത് പിതാവ് തന്‍റെ പുത്രിയുടെ വലതുകൈ വെറ്റിലയോടു കൂടി വരനെ പിടിപ്പിക്കുന്നതാണ് ചടങ്ങ്. പിതാവിന്‍റെ അഭാവത്തിൽ പിത്യസ്ഥാനത്തു നിന്ന് സഹോദരനും കന്യാദാനം നടത്താം. ''ഹിന്ദു വിവാഹത്തില്‍ സപ്തപദി മാത്രമേ അനിവാര്യമായ ചടങ്ങായി കാണുന്നുള്ളൂ. കന്യാദാനം അനിവാര്യമല്ല'' അശുതോഷ് യാദവ് എന്നയാള്‍ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ തീരുമാനം.യാദവ്, നിയമപ്രകാരമുള്ള തന്‍റെ വിവാഹം ‘കന്യാദാനം’ ചടങ്ങ് നിര്‍ബന്ധമാക്കിയിരുന്നുവെന്ന് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ തന്‍റെ വിവാഹത്തില്‍ ഈ ചടങ്ങുണ്ടായിരുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.