'ഗുജറാത്തില്‍ എഎപിയുടെ വളര്‍ച്ച തടയുക ലക്ഷ്യം': സിസോദിയയ്ക്കെതിരായ സിബിഐ നടപടിയില്‍ പ്രതികരിച്ച് കപില്‍ സിബല്‍
|സിബിഐ ഒരുകാലത്ത് കൂട്ടിലടയ്ക്കപ്പെട്ട തത്തയായിരുന്നുവെന്നും ഇപ്പോഴതിന്റെ തൂവലുകള്‍ കാവിയും ചിറുകള്‍ ഇഡിയുമാണെന്ന് സിബല്‍ വിമര്‍ശിച്ചിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ നടപടി ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് രാജ്യസഭാ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച തടയുകയാണ് ലക്ഷ്യമെന്നും അതിനുള്ള നീക്കമാണ് നടക്കുന്നതെന്നും കപില്‍ ട്വീറ്റ് ചെയ്തു.
സിസോദിയയ്ക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കപിലിന്റെ പ്രതികരണം."സിസോദിയയ്ക്കെതിരായ സിബിഐയുടെ എഫ്ഐആറും കെജ്രിവാള് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി വോട്ട് പിടിക്കുന്നു എന്ന പ്രസ്താവനകളുമൊക്കെ ഗുജറാത്തിലെ എഎപിയുടെ വളര്‍ച്ച തടയാനുള്ള നീക്കങ്ങളാണ്". കബില്‍ ട്വീറ്റില്‍ കുറിച്ചു.
സിബിഐ ഒരുകാലത്ത് കൂട്ടിലടയ്ക്കപ്പെട്ട തത്തയായിരുന്നുവെന്നും ഇപ്പോഴതിന്റെ തൂവലുകള്‍ കാവിയും ചിറുകള്‍ ഇഡിയുമാണെന്നായിരുന്നു മാറ്റൊരു ട്വീറ്റില്‍ സിബലിന്റെ വിമര്‍ശനം.
അതേസമയം പഞ്ചാബിലെയും ഡല്‍ഹിയിലെയും വികസന മോഡലുകള്‍ സംയോജിപ്പിച്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ഗുജറാത്തില്‍ സജീവമാണ് കെജ്രിവാള്. സിസോദിയയ്ക്കൊപ്പം അടുത്തയാഴ്ച ഗുജറാത്ത് സന്ദര്‍ശിയ്ക്കാനും കെജ്രിവാള് പദ്ധതിയിട്ടിരുന്നു.