ഹിജാബ് കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ട്വീറ്റ് ചെയ്ത കന്നഡ നടൻ ചേതൻ കുമാർ അറസ്റ്റിൽ
|ഹിജാബ് നിരോധനത്തിനെതിരെ ദളിത് അനുകൂല സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന ബഞ്ചിന്റെ ഭാഗമായ കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ ആക്ഷേപകരമായ ട്വീറ്റ് ചെയ്തതിന് കന്നഡ സിനിമാ നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതൻ കുമാറിനെ അറസ്റ്റ് ചെയ്തു. ഹിജാബ് വിലക്കിനെതിരാെയ ഹർജികൾ കേൾക്കുന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരായ ട്വീറ്റാണ് അറസ്റ്റിന് കാരണം.
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെക്കുറിച്ചുള്ള തന്റെ പഴയ ട്വീറ്റുകളിലൊന്ന് ഫെബ്രുവരി 16 ന് ചേതൻ കുമാർ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. 2020 ജൂൺ 27 ന് പങ്കുവെച്ച ട്വീറ്റാണ് അദ്ദേഹം റീട്വീറ്റ് ചെയ്തത്. 'ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഭാരതീയ സ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ലെന്ന ഹൈക്കോടതി ജസ്റ്റിസിന്റെ പരാമർശത്തിനെതിരെയായിരുന്നു ട്വീറ്റായിരുന്നു ഇത്.
ബലാംത്സംഗക്കേസിൽ മോശം പരാമർശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്‌കൂളിൽ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്. അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചേതൻ കുമാർ ട്വീറ്റിലൂടെ ചോദിച്ചത്.
ഹിജാബ് നിരോധനത്തിനെതിരെ ദളിത് അനുകൂല സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. ബംഗളൂരു സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. ചേതനെതിരെ ഐപിസി 505(2), 504 എന്നിവ പ്രകാരം സ്വമേധയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം.എൻ അനുചേത് പറഞ്ഞു.