കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് : ബിജെപിയുടെ സ്ഥാനാർഥി പട്ടിക വൈകും
|സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ തുടരുന്നതാണ് പട്ടിക വൈകുന്നതിന് കാരണം
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി പട്ടിക വൈകും. പ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നെങ്കിലും നാളെയോ മറ്റന്നാളോ ആവും ആദ്യഘട്ട പട്ടിക എന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരിക്കുന്നത്. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ തുടരുന്നതാണ് പട്ടിക വൈകുന്നതിന് കാരണം.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഡൽഹിയിലും കർണാടകയിലുമായി ബിജെപി നേതാക്കൾ യോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകിട്ടോട് കൂടി പട്ടിക പ്രഖ്യാപിക്കുമെന്ന് യെദ്യൂരപ്പ അറിയിച്ചത്. എന്നാൽ യോഗത്തിൽ തീരുമാനമായില്ലെന്നും ബുധനാഴ്ചയ്ക്കകം പട്ടിക പ്രഖ്യാപിക്കുമെന്നും വൈകിട്ട് ബസവരാജ് ബൊമ്മെ അറിയിക്കുകയായിരുന്നു. 32 സീറ്റുകളിൽ തർക്കം തുടരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബസവരാജ് ബൊമ്മെ ഷിഗാവോൺ മണ്ഡലത്തിൽ നിന്ന് തന്നെയാവും മത്സരിക്കുക. യെദ്യൂരപ്പയുടെ മകൻ വിജേന്ദർ ഷിക്കാരിപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നാണ് വിവരം.