കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി; കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം
|പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തുടക്കത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്. രാവിലെ 8.15ന് കോണ്‍ഗ്രസ് 52 സീറ്റിലും ബി.ജെ.പി 51 സീറ്റിലും ജെ.ഡി.എസ് 10 സീറ്റിലും ലീഡ് ചെയ്യുന്നു.
36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ എക്സിറ്റ്പോൾ ഫലം നൽകിയ ആത്മവിശ്വാസത്തിൽ ഭരണം പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. ഭരണത്തിൽ നിർണായക ശക്തിയാകാമെന്ന പ്രതീക്ഷയിലാണ് ജെ.ഡി.എസ്. 224 സീറ്റുകളുള്ള നിയമസഭയിലേക്ക് 113 സീറ്റ് ലഭിച്ചാൽ കേവല ഭൂരിപക്ഷം നേടാനാകും.
73.19 ശതമാനം വോട്ടെടുപ്പ് നടന്ന ഇത്തവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോൾ സർവെകളും പ്രവചിക്കുന്നു. 140 സീറ്റുകൾ വരെ ലഭിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവെ പറയുന്നു. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സർവെകൾ പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെ.ഡി.എസ് കിങ് മേക്കറാകും.
പാർട്ടികൾ ഇതിനകം തങ്ങളെ സമീപിച്ചതായും ആരുമായി കൂട്ടുകൂടണമെന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നും ജെ.ഡി.എസ് നേതാക്കൾ അവകാശപ്പെട്ടു. എന്നാലിത് ബി.ജെ.പിയും കോൺഗ്രസും നിഷേധിച്ചു. 140 സീറ്റുകൾ നേടുമെന്നും ആരുമായും കൂട്ടുകൂടില്ലെന്നും കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പറഞ്ഞു. തങ്ങൾ ആരെയും സമീപിച്ചിട്ടില്ലെന്നും 120 മുതൽ 125 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും ബി.ജെ.പി നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടു.