ദക്ഷിണേന്ത്യയിലെ ഏക ബിജെപി തുരുത്ത്, എന്തുവില കൊടുത്തും തിരിച്ചുപിടിക്കാൻ കോൺഗ്രസ്- കർണാടകയിലെ സമവാക്യങ്ങൾ
|ശക്തമായ നേതൃനിരയാണ് കർണാടകയിൽ കോൺഗ്രസിന്റെ കരുത്ത്. പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, മുൻ ഉപമുഖ്യമന്ത്രിയും ദലിത് നേതാവുമായ ജി. പരമേശ്വര തുടങ്ങിയവർ ശക്തമായ ജനപിന്തുണയുള്ള നേതാക്കളാണ്.
ബംഗളൂരു: ദക്ഷിണേന്ത്യയിൽ കാവി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി വിശേഷിപ്പിക്കപ്പെടുന്ന കർണാടകയിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിക്കഴിഞ്ഞു. മെയ് 10-നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സ്വാധീനമുറപ്പിച്ചിട്ടും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാവാത്ത ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. 224 അംഗ സഭയിൽ 150 സീറ്റുകൾ നേടി താൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബസവരാജ ബൊമ്മൈ അടുത്തിടെ ബി.ജെ.പി റാലിയിൽ പ്രഖ്യാപിച്ചത്. നിലവിൽ ബി.ജെ.പിക്ക് 119 എം.എൽ.എമാരാണുള്ളത്. കോൺഗ്രസിന് 75 സീറ്റും സഖ്യകക്ഷിയായ ജെ.ഡി.എസിന് 28 സീറ്റുമാണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തന്നെയാണ് കർണാടകയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്. വർഗീയതയും മുസ്‌ലിം വിദ്വേഷവും തന്നെയാണ് ഇത്തവണയും ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധം. ഹിജാബ് നിരോധനം അടക്കം ചർച്ചയായ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി നേതാക്കൾ തങ്ങളുടെ വർഗീയ പ്രസ്താവനകൾക്ക് മൂർച്ച കൂട്ടി. മദ്രസകൾ മുഴുവൻ അടച്ചുപൂട്ടണമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചത്. അല്ലാഹു ബധിരനായതുകൊണ്ടാണോ ഇത്ര ഉച്ചത്തിൽ ബാങ്ക് വിളിക്കുന്നത് എന്നായിരുന്നു മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പയുടെ ചോദ്യം.
ശക്തമായ നേതൃനിരയാണ് കർണാടകയിൽ കോൺഗ്രസിന്റെ കരുത്ത്. പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, മുൻ ഉപമുഖ്യമന്ത്രിയും ദലിത് നേതാവുമായ ജി. പരമേശ്വര തുടങ്ങിയവർ ശക്തമായ ജനപിന്തുണയുള്ള നേതാക്കളാണ്. പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ തന്നെയാണ് പാർട്ടിയുടെ ട്രബ്ൾ ഷൂട്ടർ. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഡി.കെയാണ് 2018-ൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യകക്ഷി സർക്കാർ രൂപവത്കരണത്തിന് പിന്നിൽ പ്രവർത്തിച്ചത്. കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എമാരെ ബി.ജെ.പി. സ്വന്തം പാളയത്തിലെത്തിക്കുന്നത് തടയാൻ ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ റിസോർട്ട് രാഷ്ട്രീയം പയറ്റിയതും ഡി.കെയായിരുന്നു. ബംഗളൂരുവിന് പുറത്ത്,സഹോദരനും എം.പിയുമായ ഡി.കെ. സുരേഷിന്റെ മണ്ഡലത്തിലെ റിസോർട്ടിലായിരുന്നു കോൺഗ്രസ്-ജെ.ഡി.എസ്. എം.എൽ.എമാരെ ഡി.കെ. സുരക്ഷിതമായി പാർപ്പിച്ചത്.
2019-ൽ കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എമാർ വിമതകലാപത്തിന് പിന്നാലെ മുംബൈയിലേക്ക് കടന്നപ്പോൾ അവർക്കു പിന്നാലെ പ്രത്യേക വിമാനത്തിൽ ഡി.കെയും മുംബൈയിലെത്തി. അവിടെ വിമത എം.എൽ.എമാർ താമസിച്ചിരുന്ന റിനൈസെൻസ് എന്ന ഹോട്ടലിനു മുന്നിലെത്തി. എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അദ്ദേഹത്തെ അകത്തേക്ക് കടക്കാൻ ഹോട്ടൽ അധികൃതർ അനുവദിച്ചില്ല. തന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു കപ്പ് കാപ്പി കുടിച്ച് സംസാരിച്ച ശേഷം മടങ്ങാമെന്നായിരുന്നു ശിവകുമാറിന്റെ നിലപാട്. ഒടുവിൽ അദ്ദേഹത്തെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്ത് തിരിച്ചയക്കുകയായിരുന്നു. ഏത് പ്രതിസന്ധിയിലും ഒപ്പം നിൽക്കുന്ന, രാഷ്ട്രീയ എതിരാളികളെ തരിമ്പും ഭയമില്ലാത്ത കരുത്തനായ നേതാവ് എന്ന പ്രതിച്ഛായയാണ് ഡി.കെ ശിവകുമാറിനെ അണികൾക്ക് പ്രിയങ്കരനാക്കുന്നത്.
വൊക്കലിഗ സമുദായാംഗമായ ഡി.കെ. ശിവകുമാർ നിലവിൽ കനകപുര മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ്. ഏഴുവട്ടം എം.എൽ.എ. ആയിട്ടുള്ള ഇദ്ദേഹം 1985-ൽ സതനൂർ മണ്ഡലത്തിൽനിന്ന് ദേവഗൗഡെയ്ക്കെതിരേ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. അഞ്ചുകൊല്ലത്തിനിപ്പുറം സതനൂരിൽനിന്ന് തന്നെ ജനവിധി തേടിയ ഡി.കെ വിജയിച്ചു. പിന്നീട് സതനൂരിൽനിന്നും കനകപുരയിൽനിന്നുമായി തുടർച്ചയായി കർണാടക നിയമസഭയിലെത്തി. വിവിധ മന്ത്രിസഭകളിൽ അംഗവുമായി. 1999-ൽ സതനൂർ മണ്ഡലത്തിൽ ശിവകുമാർ പരാജയപ്പെടുത്തിയത് എച്ച്.ഡി. കുമാരസ്വാമിയെ ആയിരുന്നു. എന്നാൽ 19 വർഷത്തിനു ശേഷം, 2018-ൽ കോൺഗ്രസ്- ജെ.ഡി.എസ്. സർക്കാർ രൂപവത്കരണത്തിന് ചുക്കാൻപിടിച്ച ഡി.കെ., പഴയ എതിരാളി കുമാരസ്വാമിയെ മുഖ്യമന്ത്രിപദത്തിലേക്ക് നയിക്കുന്നതിൽ മടികാണിച്ചില്ല. ആ സർക്കാരിൽ ജലവിഭവ വകുപ്പു മന്ത്രിസ്ഥാനമായിരുന്നു ഡി.കെ. വഹിച്ചിരുന്നത്.
2020-ലാണ് സംസ്ഥാന കോൺഗ്രസിന്റെ അമരത്തെത്തിയത്. കർണാടകയിലെ അതിധനികരായ രാഷ്ട്രീയക്കാരിൽ ഒരാളാണ് ഡി.കെ. അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉൾപ്പെടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇദ്ദേഹം നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ ഏറ്റവും കൂടുതൽ തവണ റെയ്ഡ് നടന്നിട്ടുണ്ടെങ്കിൽ അത് ഡി.കെ ശിവകുമാറിന്റെ വീട്ടിലാണ്. റെയ്ഡിന് പുറമെ ഡി.കെ ശിവകുമാറിനെയും അദ്ദേഹത്തിന്റെ മകളെയും അന്വേഷണ ഏജൻസികൾ നിരവധി മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു.
2018-ൽ സംഭവിച്ചത്
വലിയ നാടകീയ സംഭവങ്ങളാണ് 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിൽ നടന്നത്. 224 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കോൺഗ്രസ്- 80, ജെ.ഡി.എസ്.-37. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യത്തെ സർക്കാർ രൂപവത്കരണത്തിന് ക്ഷണിക്കാതെ, ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന പരിഗണനയിൽ ഗവർണർ വാജുഭായി വാല ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. മേയ് 17-ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 15 ദിവസത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിച്ചാൽ മതിയെന്നും ഗവർണർ ഉദാരത കാട്ടി. ഇതിനെതിരേ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി ഇടപെടലിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധി 15 ദിവസത്തിൽനിന്ന് മൂന്നുദിവസമാക്കി സുപ്രിംകോടതി കുറച്ചു. എന്നാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ യെദ്യൂരപ്പ വിശ്വാസവോട്ടിന് നിൽക്കാതെ മേയ് 19-ന് രാജിവെച്ചു.
യെദ്യൂരപ്പയുടെ രാജിക്ക് പിന്നാലെ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ അധികാരത്തിലേറി. ജെ.ഡി.എസിന് മുഖ്യമന്ത്രിസ്ഥാനം നൽകി കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു. ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രി. സഖ്യസർക്കാറിന് 14 മാസം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. സഖ്യകക്ഷിയിലെ 17 എം.എൽ.എമാർ മറുകണ്ടംചാടി. ഇവർ പാർട്ടി അംഗത്വം രാജിവെച്ചതോടെ കർണാടകയിലെ സഖ്യസർക്കാർ പ്രതിസന്ധിയിലായി. രണ്ട് സ്വതന്ത്ര എം.എൽ.എമാർ ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കർണാടകയിലെ സഖ്യസർക്കാരിന്റെ പതനം പൂർണമായി. തുടർന്ന് വലിയ രാഷ്ട്രീയ നീക്കങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി പാർട്ടികൾ രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തി. ഒടുവിൽ മൂന്നാഴ്ചയ്ക്കു ശേഷം ജൂലൈ 23-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ വീണു. മൂന്നുദിവസത്തിനു ശേഷം ജൂലൈ 26-ന് ബി.എസ്. യെദ്യൂരപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിസ്ഥാനത്തെത്തി.
വൊക്കലിഗ- ലിംഗായത്ത് സമവാക്യങ്ങൾ
കർണാടകയിലെ പ്രമുഖവും പ്രബലവുമായ രണ്ടു സമുദായങ്ങളാണ് ലിംഗായത്തും വൊക്കലിഗയും. കർണാടകയുടെ തെക്കൻഭാഗങ്ങളിലാണ് വൊക്കലിഗ സാന്നിധ്യം കൂടുതൽ. അതേസമയം വടക്കൻ കർണാടകയാണ് ലിംഗായത്ത് ബെൽറ്റ്. ജനസംഖ്യയിൽ 14 ശതമാനമാണ് വൊക്കലിഗ സമുദായമെങ്കിൽ 17 ശതമാനമാണ് ലിംഗായത്തുകൾ. ലിംഗായത്ത് വിഭാഗം ബി.ജെ.പിയെ പിന്തുണയ്ക്കുമ്പോൾ കോൺഗ്രസിനോടും ജെ.ഡി.എസിനോടുമാണ് വൊക്കലിഗ വിഭാഗത്തിന് ആഭിമുഖ്യം കൂടുതൽ.
മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ്. അധ്യക്ഷനുമായ എച്ച്.ഡി. ദേവെഗൗഡ, മകനും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി, കോൺഗ്രസ് പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ തുടങ്ങിയവർ വൊക്കലിഗ സമുദായത്തിൽനിന്നുള്ള പ്രമുഖ നേതാക്കളാണ്. മുൻമുഖ്യമന്ത്രിയും കർണാടകയിലെ ബി.ജെ.പിയുടെ തലപ്പൊക്കമുള്ള നേതാവുമായ ബി.എസ്. യെദ്യൂരപ്പയാണ് ലിംഗായത്ത് സമുദായത്തിൽനിന്നുള്ള പ്രമുഖൻ. ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തെത്തിക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട്.
ഹിജാബ് നിരോധനം, മുസ്‌ലിം സംവരണം റദ്ദാക്കൽ
കർണാടകയിലും സംഘ്പരിവാർ മുസ്‌ലിം വിരുദ്ധ നീക്കങ്ങളിലൂടെയാണ് തങ്ങളുടെ അടിത്തറ ശക്തമാക്കാൻ ശ്രമിക്കുന്നത്. കലാലയങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കിയതും മുസ്‌ലിം സംവരണം റദ്ദാക്കിയതും ഇതിന്റെ ഭാഗമാണ്. ഹിജാബ് നിരോധനം തങ്ങളുടെ ഏറ്റവും വലിയ ഭരണനേട്ടങ്ങളിൽ ഒന്നായാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. ഇത്തവണയും ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കിയിരുന്നു. ഹിജാബ് നിരോധനത്തിന് ശേഷം കലാലയങ്ങളിൽ മുസ്‌ലിം വിദ്യാർഥികളുടെ എണ്ണം വർധിച്ചെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽനിന്ന് മുസ്‌ലിംകളെ ഒഴിവാക്കാനും അവർക്കായി നീക്കിവെച്ചിരുന്ന നാലുശതമാനം സംവരണം മറ്റ് വിഭാഗങ്ങൾക്ക് അനുവദിക്കാനും ബസവരാജ് ബൊമ്മൈ സർക്കാർ തീരുമാനിച്ചത്. ഈ നാലുശതമാനം സംവരണം വൊക്കലിഗ, ലിംഗായത്ത്, മറ്റ് സമുദായങ്ങൾ എന്നിവർക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് മതത്തിന്റെ പേരിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്.
രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് എന്ന പ്രധാന്യവും കർണാകട നിയമസഭാ തെരഞ്ഞെടുപ്പിനുണ്ട്. 2019-ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിലാണ് രാഹുലിനെ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. അതേ കർണാടകയിൽ ഭരണം തിരിച്ചുപിടിക്കാനായാൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ അത് കോൺഗ്രസിന് വലിയ നേട്ടമാകും.
അടുത്ത വർഷം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ കോൺഗ്രസിനും ബി.ജെ.പിക്കും വളരെ പ്രധാനപ്പെട്ടതാണ്. കർണാടകക്ക് പിന്നാലെ മിസോറാം, ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസിന് വിജയപ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ കർണാടകയിൽ ഭരണം തിരിച്ചുപിടിക്കാനായാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അത് കോൺഗ്രസിന് നൽകുന്ന ഊർജം ചെറുതല്ല.