India
Karnataka Assembly Elections, Amit Shah, Amit Shahs hate speech, latest malayalam news
India

കർണാടക നിയമസഭ തെരഞ്ഞെടുപ്പ്; വിദ്വേഷ പ്രസംഗത്തിന് അമിത് ഷാക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

Web Desk
|
2 May 2023 3:00 PM GMT

കോൺഗ്രസ് അധികാരത്തിൽ വന്നാൽ കലാപങ്ങൾ ഉണ്ടാകും എന്ന് ബി.ജെ.പി പറഞ്ഞിരുന്നു

ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ പ്രസ്ഥാവനക്കെതിരെ കോൺഗ്രസ്. അമിത് ഷാ, ജെ പി നദ്ദ, യോഗി ആദിത്യനാഥ് എന്നിവർ കർണാടകയിൽ വിദ്വേഷ പ്രസംഗം നടത്തുന്നെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കലാപങ്ങൾ ഉണ്ടാകും എന്ന് ബി.ജെ.പി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ഇവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടു.

അജയ് മാക്കൻ, വിവേക് ​​തൻഖ, സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവരടങ്ങുന്ന കോൺഗ്രസ് നേതാക്കളുടെ ഒരു പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുകയും ഇത്തരം വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെമ്മോറാണ്ടം നൽകുകയുമായിരുന്നു.

"രാജ്യത്തെ ധ്രുവീകരിക്കുകയും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന ഇത്തരം കാര്യങ്ങളാണ് ആഭ്യന്തരമന്ത്രി പറയുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിൽ കലാപമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിന്റെ അർത്ഥമെന്താണ്, കോൺഗ്രസ് കലാപം തീർക്കുകയാണെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്'എന്നും വിവേക് ​​തൻഖ ചോദിച്ചു.

ഭരണഘടനാ പദവികൾ വഹിക്കുന്ന ആളുകൾ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും പറഞ്ഞ വിവേക് ​​തൻഖ സുപ്രിം കോടതി ഉത്തരവനുസരിച്ച് അവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം താര പ്രചാരകരോട് വാക്കുകളിൽ ജാഗ്രതയും സംയമനവും പാലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. പ്രസംഗങ്ങളിൽ നിലവാരം പുലർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നിർദേശം. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നെന്ന് ഉറപ്പാക്കണമെന്നും ചീഫ് ഇലക്ഷൻ ഓഫീസർ യഥാസമയം പരാതികളിൽ നടപടിയെടുക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Similar Posts