India
ഹിജാബ് വിധി: കർണാടകയിൽ വ്യാഴാഴ്ച മുസ്‌ലിം സംഘടനകളുടെ ബന്ദ്
India

ഹിജാബ് വിധി: കർണാടകയിൽ വ്യാഴാഴ്ച മുസ്‌ലിം സംഘടനകളുടെ ബന്ദ്

Web Desk
|
16 March 2022 12:03 PM GMT

വിവിധ സംഘടനകൾ ബന്ദിന് ഐക്യദാർഢ്യം അറിയിച്ചു

ബംഗളൂരു: ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ നാളെ (വ്യാഴാഴ്ച) കർണാടകയിൽ സമാധാനപരമായ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്‌ലിം സംഘടനകൾ. കർണാടക അമീറെ ശരീഅത്ത് മൗലാനാ സഗീർ അഹ്‌മദ് ഖാൻ റഷാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിധിയിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വിവിധ സംഘടനകൾ ബന്ദിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.

വിഷയം ചർച്ച ചെയ്യുന്ന പ്രതിഷേധപരിപാടിയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസ് വ്യക്തമാക്കി. ബന്ദ് ആചരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമാണ് മതനേതാക്കൾ ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ നിരവധി സംഘടനകൾ രംഗത്തു വന്നിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്‌ലിം വിദ്യാർത്ഥികൾ നൽകിയ ഹർജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവർ അംഗങ്ങളുമായ ബഞ്ചിൻറേതാണ് വിധി.

കോടതി വിധിയിങ്ങനെ

'മുസ്ലിം വനിതകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന് കീഴിലെ അനിവാര്യ മതാചാരത്തിൽപ്പെടില്ല എന്നതാണ് ചോദ്യങ്ങളോടുള്ള ഞങ്ങളുടെ ഉത്തരങ്ങൾ' - എന്നാണ് വിധിയുടെ പ്രസക്ത ഭാഗം വായിച്ച ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി പറഞ്ഞത്.

'സ്‌കൂൾ യൂണിഫോം യുക്തിസഹമായ നിയന്ത്രണം മാത്രമാണ്. ഭരണഘടനാപരമായി അനുവദനീയമാണ്. അതിനെ വിദ്യാർത്ഥികൾ എതിർക്കേണ്ടതില്ല എന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ഉത്തരം. പ്രസ്തുത കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ സർക്കാറിന് ഉത്തരവിറക്കാൻ അധികാരമുണ്ട്. അടച്ചക്ക നടപടി ഇഷ്യൂ ചെയ്ത ആർക്കെതിരെയും കേസെടുക്കാൻ പാടില്ല. മെറിറ്റില്ലാത്ത എല്ലാ റിട്ട് ഹർജികളും തള്ളുന്നു'

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് 11 ദിവസമാണ് കേസിൽ വാദം കേട്ടത്. മുതിർന്ന അഭിഭാഷകരായ ദേവ്ദത്ത് കാമത്ത്, സഞ്ജയ് ഹെഗ്ഡെ, പ്രൊഫസർ രവിവർമ കുമാർ, യൂസുഫ് മഛ്ല, എ.എം ധർ എന്നിവർ ഹർജിക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായി. സംസ്ഥാന സർക്കാറിനു വേണ്ടി അഡ്വ. ജനറൽ പ്രഭുലിംഗ് നവാഡ്ഗിയാണ് വാദിച്ചത്. ഹിജാബ് നിരോധനത്തെ പിന്തുണച്ച അധ്യാപകർക്കും കോളജ് അധികൃതകർക്കും വേണ്ടി മുതിർന്ന അഭിഭാഷകരായ എസ്എസ് നാഗാനന്ദ്, സാജൻ പൂവയ്യ എന്നിവരും ഹാജരായി.

ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമാണ് എന്നും സർക്കാർ അനാവശ്യമായി ഇതിൽ ഇടപെടുകയുമാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. കേസ് ആദ്യ ഘട്ടത്തിൽ ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത് അധ്യക്ഷനായ സിംഗിൾ ബഞ്ചിന് മുമ്പാകെയാണ് വന്നിരുന്നത്. പ്രാധാന്യം പരിഗണിച്ച് കേസ് വിശാലബഞ്ചിലേക്ക് വിടുകയായിരുന്നു.

2021 ഡിസംബർ അവസാന വാരത്തിൽ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഹിജാബ് ധരിച്ച ആറു വിദ്യാർഥിനികളെയാണ് ക്ലാസിൽനിന്നു പുറത്താക്കിയത്. തുടർന്ന് ഈ വിദ്യാർഥിനികൾ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാർജിക്കുന്നതിനിടെ കോളേജുകളിൽ യൂണിഫോം കോഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് പടർന്നു. ഇതിനിടെ സംഘ്പരിവാർ അനുകൂല സംഘടനകൾ കാവിഷാൾ ധരിച്ച് ക്യാമ്പസുകളിലെത്തിയത് സംഘർഷങ്ങൾക്ക് കാരണമായി. ഹിജാബ് ധരിച്ചവരെ പുറത്തു നിർത്തിയതിനാൽ നിരവധി വിദ്യാർത്ഥികൾക്ക് ഈയിടെ പരീക്ഷയെഴുതാനായിരുന്നില്ല.

Similar Posts