പോപുലർ ഫ്രണ്ടിനെ മാത്രമല്ല, കോൺഗ്രസിനെയും നിരോധിക്കണം: കർണാടക ബി.ജെ.പി തലവൻ
|പോപുലർ ഫ്രണ്ടിനെ നിരോധിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് നളിൻ കുമാർ കാട്ടീലിന്റെ പ്രതികരണം
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവാദ പ്രവർത്തനങ്ങളെ സഹായിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും നിരോധിക്കണമെന്ന് കർണാടക ബിജെപി തലവൻ നളിൻ കുമാർ കാട്ടീൽ. പോപുലർ ഫ്രണ്ടിനെ നിരോധിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'നമ്മുടെ രാജ്യത്ത് കോൺഗ്രസിനെയും നിരോധിക്കണം. കാരണം പി.എഫ്.ഐ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്ഡിപിഐ), കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി) എന്നിവയെല്ലാം ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായത് കോൺഗ്രസ് അവർക്ക് സഹായം നൽകുകയും ശക്തി പകരുകയും ചെയ്തത് കൊണ്ടാണ്' ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.
'സ്വാതന്ത്ര്യം നേടിയതിന് ശേഷം കോൺഗ്രസ് ഭരിച്ചാൽ രാജ്യവും പാർട്ടി തന്നെയും നശിക്കുമെന്ന് മഹാത്മാ ഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സ്വാതന്ത്ര്യത്തിന് ശേഷം പാർട്ടി പിരിച്ചുവിടാൻ ആവശ്യപ്പെട്ടത്' നളിൻ കുമാർ ചൂണ്ടിക്കാട്ടി.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 511 കിലോമീറ്റർ ദൂരമുള്ള യാത്ര 21 ദിവസം കൊണ്ടാണ് പൂർത്തിയാകുക. സംസ്ഥാന സർക്കാറിന്റെ അഴിമതിയടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടുമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്.
28ാം തിയ്യതിയാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
യുപി, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്, ജമാഅത്തുൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ആരോപിച്ചിരുന്നു.
Karnataka BJP chief Nalin Kumar Kateel wants to ban the Indian National Congress, which has helped terror activities of Popular Front of India