വിഭാഗീയത തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ കർണാടകയിലെ ബി.ജെ.പി നേതൃത്വം
|കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി കോർ കമ്മിറ്റി യോഗം ചേർന്നു
ബംഗളൂരു: പാർട്ടിയിലെ വിഭാഗീയത വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കർണാടകയിലെ ബി.ജെ.പി നേതൃത്വം. തീരദേശ ജില്ലകളിലാണ് വിഭാഗീയത രൂക്ഷമായത്. വിഭാഗീയതയടക്കം പരിഹരിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി കോർ കമ്മിറ്റി യോഗം ചേർന്നു.
നേതാക്കൾക്കിടയിലെ വിഭാഗീയത തീരദേശ ജില്ലകളിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതായാണ് ബി.ജെ.പിയുടെ ആഭ്യന്തര സർവെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ 2018ലെ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റം ഉണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നു. ഈ രണ്ട് ജില്ലകളിലായി 12 സീറ്റുകളാണ് അന്ന് ബി.ജെ.പി നേടിയത്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളായ സുള്ള്യ, പുത്തൂർ ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ, ഉഡുപ്പി ജില്ലയിലെ ബിയാന്ദൂർ, കാപ്പു നിയമസഭാ മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത മത്സരമുണ്ടാവുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
തീരദേശ മേഖലയിൽ ഉണ്ടാവുന്ന ചെറിയ തിരിച്ചടി പോലും ബി.ജെ.പിക്ക് വലിയ ക്ഷീണമുണ്ടാക്കും. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ബൂത്ത് തലം മുതൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നിർദേശമാണ് അമിത് ഷാ കോർ കമ്മിറ്റിയിൽ നൽകിയത്.