India
ഹിജാബ് നിരോധനം: കേസ് വാദിച്ച അഭിഭാഷകർക്ക് കർണാടക സർക്കാർ നൽകിയത് 88 ലക്ഷം
India

ഹിജാബ് നിരോധനം: കേസ് വാദിച്ച അഭിഭാഷകർക്ക് കർണാടക സർക്കാർ നൽകിയത് 88 ലക്ഷം

Web Desk
|
20 Jan 2023 2:00 PM GMT

കേസിൽ മേത്ത ഒമ്പതും നടരാജ് 11 തവണയുമാണ് കോടതിയിൽ ഹാജരായത്.

ബെം​ഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കിയ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ ബി.ജെ.പി സർക്കാർ രണ്ട് അഭിഭാഷകർക്ക് നൽകിയത് ഭീമൻ തുക. 88 ലക്ഷം രൂപയാണ് സുപ്രിംകോടതിയിൽ കേസ് വാദിക്കാൻ ബസവരാജ് ബൊമ്മൈ സർക്കാർ നൽകിയത്.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനുമാണ് ഇത്രയും തുക കർണാടക സർക്കാർ നൽകിയത്. മേത്തയ്ക്ക് 39.60 ലക്ഷം രൂപയും നടരാജിന് 48.40 ലക്ഷം രൂപയുമാണ് നൽകിയതെന്ന് അന്വേഷണാത്മക ഓൺലൈൻ മാധ്യമമായ 'ദ ഫയൽ' റിപ്പോർട്ട് ചെയ്തു.

കേസിൽ മേത്ത ഒമ്പതും നടരാജ് 11 തവണയുമാണ് കോടതിയിൽ ഹാജരായത്. ഒരു ഹിയറിങ്ങിന് 4.4 ലക്ഷം രൂപയാണ് രണ്ട് അഭിഭാഷകർക്കും പ്രതിഫലമായി ലഭിച്ചത്. അറ്റോർണി ജനറലിന് കീഴിലാണ് സോളിസിറ്റർ ജനറലുടെ സ്ഥാനം. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമ ഉദ്യോഗസ്ഥനുമാണ് അദ്ദേഹം.

കർണാടക ഉഡുപ്പി ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള പ്രീ-യൂനിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ മുസ്‌ലിം വിദ്യാർഥിനികളെ പുറത്താക്കുകയും വിലക്കേർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് വിവാദം ഉടലെടുത്തത്. തുടർന്ന് ഇവർ പ്രതിഷേധവുമായി രം​ഗത്തെത്തി. എന്നാൽ പിന്നീട് ഹിജാബ് വിലക്ക് മറ്റ് ചില കോളജുകളിലേക്കും വ്യാപിച്ചു. ഇതോടെ പ്രതിഷേധം രാജ്യവ്യാപകമായി.

തുടർന്ന് സർക്കാർ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരായ അപ്പീലുകൾ പരിശോധിച്ചാണ് 2022ൽ സുപ്രിംകോടതി കേസ് പരിഗണിച്ചത്. എന്നാൽ ഒക്ടോബർ 13ന് കേസ് പരി​ഗണിച്ച സുപ്രിംകോടതിയിൽ നിന്നും ഭിന്നവിധിയാണുണ്ടായത്. തുടർന്ന് ഹരജി വിശാല ബെഞ്ചിലേക്ക് വിടുകയും ചെയ്തു.

ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹിജാബ് വിലക്കിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് സുധാംശു ദുലിയ കര്‍ണാടക ഹൈക്കോടതി വിധിയെ പൂര്‍ണമായും എതിര്‍ത്തു. വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസാണ് തീരുമാനിക്കുക. അതേസമയം, അന്തിമ വിധി വരുന്നത് വരെ വിലക്ക് തുടരുമെന്നാണ് സർക്കാർ അറിയിച്ചത്.

Similar Posts