India
എനിക്കെതിരെ കേസെടുക്കാന്‍ കഴിയില്ല, ഇത് എം.എല്‍.എയുടെ വാഹനമാണ്; ട്രാഫിക് പൊലീസുകാരനോട് തര്‍ക്കിച്ച് കര്‍ണാടക എം.എല്‍.എയുടെ മകള്‍
India

എനിക്കെതിരെ കേസെടുക്കാന്‍ കഴിയില്ല, ഇത് എം.എല്‍.എയുടെ വാഹനമാണ്; ട്രാഫിക് പൊലീസുകാരനോട് തര്‍ക്കിച്ച് കര്‍ണാടക എം.എല്‍.എയുടെ മകള്‍

Web Desk
|
10 Jun 2022 2:52 AM GMT

ബിഎംഡബ്ല്യു കാറിലെത്തിയ യുവതി ട്രാഫിക് സിഗ്നല്‍ മറികടന്നതിനാണ് പൊലീസുകാരന്‍ ചോദ്യം ചെയ്തത്

കര്‍ണാടക: ഗതാഗത നിയമം ലംഘിച്ചതിന് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനോട് കയര്‍ത്ത് കര്‍ണാടക ബി.ജെ.പി എം.എല്‍.എയുടെ മകള്‍. അരവിന്ദ് ലിംബാവലിയുടെ മകളാണ് മോശമായി പെരുമാറിയത്. ബിഎംഡബ്ല്യു കാറിലെത്തിയ യുവതി ട്രാഫിക് സിഗ്നല്‍ മറികടന്നതിനാണ് പൊലീസുകാരന്‍ ചോദ്യം ചെയ്തത്. എന്നാല്‍ ഇതു വകവയ്ക്കാതെ ആയിരുന്നു യുവതിയുടെ പെരുമാറ്റം. വ്യാഴാഴ്ചയായിരുന്നു സംഭവം.

അരവിന്ദ് ലിംബാവലിയുടെ മകളാണ് വെള്ള നിറത്തിലുള്ള ബി.എം.ഡബ്ല്യു കാർ ഓടിച്ചിരുന്നത്. ട്രാഫിക് സിഗ്നല്‍ ചുവപ്പ് ആയിരിക്കുമ്പോഴാണ് കാര്‍ നിര്‍ത്താതെ യുവതി ഓടിച്ചുപോയത്. ട്രാഫിക് പൊലീസ് തടഞ്ഞപ്പോള്‍ അവരോട് യുവതി ദേഷ്യപ്പെടുകയായിരുന്നു. മാത്രമല്ല അവര്‍ സീറ്റ് ബെല്‍റ്റും ധരിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.''എനിക്ക് ഇപ്പോൾ പോകണം. വാഹനം പിടിച്ചുവയ്ക്കരുത്. ഓവർടേക്ക് ചെയ്തതിന് നിങ്ങൾക്ക് എനിക്കെതിരെ കേസെടുക്കാൻ കഴിയില്ല. എം.എൽ.എയുടെ വാഹനമാണിത്. ഞങ്ങൾ അശ്രദ്ധമായി ഓടിച്ചിട്ടില്ല. അരവിന്ദ് ലിംബാവലി എന്‍റെ അച്ഛനാണ്'' എന്നായിരുന്നു യുവതിയുടെ മറുപടി.

യുവതിയും പൊലീസുകാരനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ രാജ്ഭവനു മുന്നിലെ റോഡിൽ ആളുകള്‍ തടിച്ചുകൂടുകയും ചെയ്തു. തെളിവുകള്‍ നിരത്തിയ പൊലീസ് യുവതിക്ക് 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ പിഴയടക്കാനുള്ള തുക ഇപ്പോള്‍ തന്‍റെ കയ്യിലില്ലെന്നും തന്നെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. പിന്നീട് കൂടെയുണ്ടായിരുന്ന സുഹൃത്ത് പിഴയടച്ചപ്പോള്‍ യുവതിയെ വിട്ടയക്കുകയായിരുന്നു. സംഭവം പകര്‍ത്തിയ ഒരു റിപ്പോർട്ടറോട് അവർ മോശമായി പെരുമാറിയതായും പരാതിയുണ്ട്.

Similar Posts