കുടുംബനാഥക്ക് 2000 രൂപ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി; അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് അംഗീകാരം നൽകി കർണാടക സർക്കാർ
|50,000 കോടി രൂപയാണ് പ്രതിവർഷം ഈ പദ്ധതികൾക്ക് ചെലവ് കണക്കാക്കുന്നത്.
ബംഗളൂരു: അധികാരമേറ്റ് മണിക്കൂറുകൾക്കകം അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് അംഗീകാരം നൽകി സിദ്ധരാമായ്യ സർക്കാർ. സത്യപ്രതിജ്ഞക്ക് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകിയത്.
മന്ത്രിസഭ അംഗീകരിച്ച അഞ്ച് പദ്ധതികൾ
- ഓരോ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി.
- കുടുംബനാഥകൾക്ക് ഓരോ മാസവും 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി
- ബി.പി.എൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി വീതം നൽകുന്ന അന്ന ഭാഗ്യ.
- തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങൾക്ക് രണ്ട് വർഷം പ്രതിമാസം 3000 രൂപയും തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് പ്രതിമാസം 1500 രൂപയും നൽകുന്ന യുവനിധി.
- സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
അധികാരമേറ്റ ഉടൻ തന്നെ ഈ പദ്ധതികൾ നടപ്പാക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കർശന നിർദേശം നൽകിയിരുന്നു. 50,000 കോടി രൂപയാണ് പ്രതിവർഷം ഈ പദ്ധതികൾക്ക് ചെലവ് കണക്കാക്കുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം പദ്ധതികൾ നടപ്പാക്കുന്നതിന്റെ വിശദമായ രൂപം വിശദീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്കായി മെയ് 22 മുതൽ മൂന്ന് ദിവസം നിയമസഭാ സമ്മേളനം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയിലെ മുതിർന്ന അംഗമായ ആർ.വി ദേശ്പാണ്ഡെ ആയിരിക്കും പ്രോടേം സ്പീക്കർ. അദ്ദേഹമാണ് പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിക്കുക.