India
No schemes for farmers: Karnataka Congress MLA slams his party, says govt did nothing for farmers in state,latest news malayalam, latest indian news, ആഹാരത്തിനു പകരം കറൻസി നോട്ടുകൾ കഴിക്കണോ?; കർഷക വിഷയത്തിൽ സർക്കാറിനെ പ്രതിരോധത്തിലാക്കി പാർട്ടി എംഎൽഎയുടെ വിമർശനം
India

ആഹാരത്തിനു പകരം കറൻസി നോട്ടുകൾ കഴിക്കണോ?; കർഷക വിഷയത്തിൽ സർക്കാറിനെ പ്രതിരോധത്തിലാക്കി പാർട്ടി എംഎൽഎയുടെ വിമർശനം

Web Desk
|
12 Oct 2024 3:48 AM GMT

കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് കുറ്റപ്പെടുത്തിയ ഭരംഗൗഡ കഗെ ഭാവിയിൽ എംഎൽഎയാകാനില്ലെന്നും വ്യക്തമാക്കി

ബെം​ഗളൂരു: കോൺ​ഗ്രസിന്റെ നേതൃത്വതിലുള്ള കർണാടക സർക്കാറിനെ പ്രതിരോധത്തിലാക്കി പാർട്ടി എംഎൽഎയുടെ വിമർശനം. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎയായ രാജു കേജ് എന്നറിയപ്പെടുന്ന ഭരംഗൗഡ കഗെയാണ് സ്വന്തം പാർട്ടിക്കെതിരെ രം​ഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്നും അതിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്നും ഭരംഗൗഡ കഗെ പിടിഐയോട് പറഞ്ഞു. കർണാടകയിലെ കഗ്വാദിൽ നിന്നുള്ള കോൺ​ഗ്രസ് എംഎൽഎയാണ് കഗെ.

കർഷകരുടെ ദുരിത ജീവിതത്തിന് അറുതി വരുത്താൻ സർക്കാർ ഒരു പദ്ധതിയും കൊണ്ടുവന്നിട്ടില്ലെന്ന് ആരോപിച്ച അദ്ദേഹം ബെംഗളൂരുവിലെ സെക്രട്ടേറിയറ്റ് ആസ്ഥാനത്തൊ നിയമസഭാ മന്ദിരമായ വിധാന സൗധയിലൊ തന്റെ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സർക്കാർ തലത്തിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ പല തവണ ഉന്നയിച്ചതാണെന്നും എന്നാൽ അതിനോട് പ്രതികരിക്കാൻ ഭരണകൂടം തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. താൻ ഉന്നയിച്ച് പരാജയപ്പെട്ട കർഷക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും അത്തരം പ്രശ്നങ്ങൾക്ക് പരാഹാരം കണ്ടെത്താനും കഗെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

കർഷകർക്കായി ഒരു പദ്ധതിയും സർക്കാർ നടപ്പാക്കുന്നില്ല എന്നതാണ് സത്യം. ഇതിനു പകരം ഞാൻ നിങ്ങളോട് കള്ളം പറഞ്ഞു നടക്കണോ? നെല്ലും മറ്റു ഭക്ഷ്യധാന്യങ്ങൾ വിളഞ്ഞില്ലെങ്കിൽ ഈ നാട്ടിലുള്ളവർ എന്ത് ഭക്ഷിക്കും? ആഹാരത്തിനു പകരം നമ്മൾ കറൻസി നോട്ടുകൾ കഴിക്കണോ? കർഷകരുടെ അതിജീവനത്തിനായുള്ള പ​ദ്ധതികളാണ് ആദ്യം അതിജീവിക്കേണ്ടത്. തന്റെ മണ്ഡലത്തിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവേ അദ്ദേ​ഹം മാധ്യമങ്ങളോട് പറഞ്ഞു. കർഷകരുടെ നില മെച്ചപ്പെട്ടാൽ മാത്രമേ നാടിന് പുരോഗതിയുണ്ടാകൂ എന്ന് പറഞ്ഞ എംഎൽഎ കഴിഞ്ഞ ഒരു വർഷമായി അതിനായി താൻ മുറവിളി കൂട്ടുകയാണെന്നും കൂട്ടിച്ചേർത്തു.

ഭരണകക്ഷിയുടെ എംഎൽഎ ആയിട്ടും ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കേണ്ടി വരുന്നുണ്ടെങ്കിൽ ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാം. അദ്ദേഹം പറഞ്ഞു. ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിന് സർക്കാർ അധികാരത്തിലിരിക്കണമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ തനിക്ക് വേദനയുണ്ടെന്നും ഭാവിയിൽ എംഎൽഎയാകാനില്ലെന്നും ഭരംഗൗഡ കഗെ വ്യക്തമാക്കി.

Similar Posts