'വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ'; കർണാടകയിൽ പുതിയ പ്രഖ്യാപനവുമായി കോൺഗ്രസ്
|സംസ്ഥാനത്തെ എല്ലാ വീടുകൾക്കും വൈദ്യുതി സൗജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് പുതിയ പ്രഖ്യാപനം
ബംഗളൂരു: അധികാരത്തിലെത്തിയാൽ കർണാടകയിലെ എല്ലാ വീട്ടിലെയും ഒരു സ്ത്രീക്ക് പ്രതിമാസം 2,000 രൂപ നൽകുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'നാ നായികി' കൺവെൻഷനിൽവെച്ചായിരുന്നു പ്രഖ്യാപനം.'ഗൃഹ ലക്ഷ്മി' എന്ന പേരിലുള്ള പദ്ധതി 1.5 കോടി വീട്ടമ്മമാർക്ക് പ്രയോജനപ്പെടുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അറിയിച്ചു.
കർണാടകയിലെ എല്ലാ സ്ത്രീകൾക്കും എഐസിസി ജനറൽ സെക്രട്ടറി നൽകുന്ന ഉറപ്പാണിതെന്നും പ്രിയങ്ക പറഞ്ഞു. മേയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ എല്ലാ വീടുകൾക്കും എല്ലാ മാസവും 200 യൂണിറ്റുകൾ സൗജന്യമായി നൽകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് പുതിയ പ്രഖ്യാപനം. അമിതമായ എൽപിജി വിലയുടെയും ഒരു സ്ത്രീ വഹിക്കേണ്ടിവരുന്ന ചെലവേറിയ ദൈനംദിന ചെലവുകളുടെയും ഭാരം കുറക്കാനുള്ള ശ്രമമാണെന്നും കോൺഗ്രസ് അവകാശപ്പെട്ടു.
കുടുംബനാഥയായ സ്ത്രീയുടെ അക്കൗണ്ടിലേക്ക് തുക നേരിട്ട് ക്രെഡിറ്റ് ചെയ്യും. ഓരോ സ്ത്രീക്കും ലഭിക്കുന്ന ഈ വരുമാനം വിലക്കയറ്റത്തിന്റെയും കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും 1.5 കോടിയിലധികം സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും കോൺഗ്രസ് പറഞ്ഞു.