India
Karnataka, BC Nagesh, Hijab ban, കര്‍ണാടക, ഹിജാബ് നിരോധനം, ഹിജാബ്, ബി.സി നാഗേഷ്
India

ഹിജാബ് നിരോധനം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷും തോറ്റു; കോണ്‍ഗ്രസിന് 17,652 വോട്ടിന്‍റെ വിജയം

Web Desk
|
13 May 2023 11:05 AM GMT

മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളാലും വംശഹത്യ പ്രസംഗം കൊണ്ടും കുപ്രസിദ്ധനാണ് പരാജയപ്പെട്ട ബി.സി നാഗേഷ്

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കുകയും സംസ്ഥാനത്തെ മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ ബി.സി നാഗേഷിന് തെരഞ്ഞെടുപ്പില്‍ പരാജയം. തിപ്റ്റൂര്‍ മണ്ഡലത്തില്‍ നിന്നാണ് നാഗേഷ് ജനവിധി തേടിയിരുന്നത്. 17,652 വോട്ടിന് കോണ്‍ഗ്രസിന്‍റെ കെ ഷദാക്ഷരി ആണ് മണ്ഡലത്തില്‍ വിജയിച്ചത്. ശാന്തകുമാറാണ് മണ്ഡലത്തില്‍ ജെ.ഡി.എസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

2008ലും 2018ലും ബി.ജെ.പി സ്ഥാനാര്‍ഥിയായി ബി.സി നാഗേഷ് മണ്ഡലത്തില്‍ നിന്നും വിജയിച്ചെങ്കിലും 2013ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷദാക്ഷരി മണ്ഡലം തിരിച്ചുപിടിച്ചിരുന്നു.

2021ല്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ബി.സി നാഗേഷ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളാലും വംശഹത്യ പ്രസംഗം കൊണ്ടും കുപ്രസിദ്ധനാണ് പരാജയപ്പെട്ട ബി.സി നാഗേഷ്.

അതേസമയം, കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ക്ക് അടിതെറ്റി. വോട്ടെണ്ണല്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് 137 സീറ്റില്‍ മുന്നിലാണ്. ബി.ജെ.പി 62 സീറ്റിലും ജെ.ഡി.എസ് 21 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

Similar Posts