കർണാടക 'കൈ' പിടിക്കുമോ? വോട്ടെണ്ണൽ നാളെ
|ഇത്തവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്‌സിറ്റ്‌പോൾ സർവേകളും പ്രവചിക്കുന്നു
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. എക്‌സിറ്റ്‌പോൾ പ്രവചനങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. ഭരണത്തുടർച്ചയുണ്ടാകുമെന്ന് ബിജെപിയും ഉറച്ചുവിശ്വസിക്കുന്നു.
ഇത്തവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്‌സിറ്റ്‌പോൾ സർവേകളും പ്രവചിക്കുന്നു. 140 സീറ്റുകൾ വരെ കോൺഗ്രസിനു ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവ്വേ പറയുന്നു. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സർവേകളും പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെഡിഎസ് കളത്തിലാകും തീരുമാനങ്ങൾ.
പാർട്ടികൾ ഇതികനകം തങ്ങളെ സമീപിച്ചതായും ആരുമായി കൂട്ടുകൂടണമെന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നും ജെഡിഎസ് നേതാക്കൾ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങൾ ബിജെപിയും കോൺഗ്രസും നിഷേധിച്ചു. 140 സീറ്റുകൾ നേടുമെന്നും ആരുമായും കൂട്ടുകൂടില്ലെന്നും കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ പറഞ്ഞു.
തങ്ങൾ ആരെയും സമീപിച്ചിട്ടില്ലെന്നും 120 മുതൽ 125 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടു.