India
Karnataka election result will strengthen national alliance of secular parties Says Wisdom
India

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികളുടെ ദേശീയ കൂട്ടായ്മയ്ക്ക് ശക്തി പകരും; വിസ്ഡം ‌

Web Desk
|
13 May 2023 3:37 PM GMT

ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപി കടന്നുകയറ്റത്തിനുള്ള തിരിച്ചടിയാണ് മതേതര സമൂഹം ജനാധിപത്യ മാര്‍ഗത്തിലൂടെ നല്‍കിയത്.

കോഴിക്കോട്: കര്‍ണാടകയിലെ നിയമഭാ തെരഞ്ഞെടുപ്പ് ഫലം ഫാഷിസ്റ്റ് ശക്തികള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണെന്ന് കോഴിക്കോട് ചേര്‍ന്ന വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന നേതൃസംഗമം. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അധികാരത്തില്‍ വന്നവരെ വിലയ്ക്കു വാങ്ങിയും ഭീഷണിപ്പെടുത്തിയും അധികാര പ്രയോഗത്തിലൂടെ ഭരണം പിടിച്ചെടുത്തവര്‍ക്കുമുള്ള ശക്തമായ തിരിച്ചടിയാണ് കന്നഡ സമൂഹം നല്‍കിയതെന്നും നേതൃസംഗമം വിലയിരുത്തി.

രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികളുടെ ദേശീയതലത്തിലുള്ള ഐക്യം ശക്തിപ്പെടുത്താന്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വഴി സാധിക്കണം. അധികാര ദുര്‍വിനിയോഗത്തിലൂടെ കര്‍ണാടക നിയമസഭ പിടിച്ചെടുക്കുകയും ന്യൂനപക്ഷ വേട്ട ശക്തമാക്കുകയും, ഹിജാബ് നിരോധനം ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ പൗരാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഫാഷിസ്റ്റ് ശക്തികള്‍ക്കുള്ള വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റത്തിനുള്ള തിരിച്ചടിയാണ് കര്‍ണാടകയിലെ മതേതര സമൂഹം ജനാധിപത്യ മാര്‍ഗത്തിലൂടെ നല്‍കിയതെന്നും നേതൃസംഗമം കൂട്ടിച്ചേര്‍ത്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി ടി.കെ അശ്‌റഫ് അധ്യക്ഷത വഹിച്ചു.

Similar Posts