കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ സർവേകൾ
|140 ഓളം സീറ്റുകൾ നേടി കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ എത്തുമെന്ന് ഇന്ത്യ ടുഡേ പ്രവചിച്ചപ്പോൾ, ബി.ജെ.പി കേവല ഭൂരിപക്ഷം കടക്കുമെന്ന് സി മാട്രിസും സുവർണ്ണയും പ്രവചിക്കുന്നു
ബംഗളൂരു: 140 ഓളം സീറ്റുകൾ നേടി കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ എത്തുമെന്ന് ഇന്ത്യ ടുഡേ പ്രവചിച്ചപ്പോൾ, ബിജെപി കേവല ഭൂരിപക്ഷം കടക്കുമെന്ന് സി മാട്രിസും സുവർണ്ണയും പ്രവചിക്കുന്നു. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. പുറത്തുവന്ന എക്സിറ്റ് പോളുകൾ കോൺഗ്രസിന് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, കർണാടകയിൽ കടുത്ത മത്സരമാണ് നടന്നതെന്ന് തന്നെയാണ് പോളിങ്ങിനു ശേഷമുള്ള സൂചനകൾ. വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകൾ പുറത്തുവന്നപ്പോൾ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്ന് കൂടുതൽ സർവ്വേകൾ പ്രവചിച്ചു. കോൺഗ്രസിന് അനായാസമായി കർണാടകയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം. 122 മുതൽ 140 വരെ സീറ്റുകൾ കോൺഗ്രസിന് ലഭിക്കും.
ബിജെപിക്ക് പരമാവധി 80 സീറ്റുകൾ മാത്രമാണ് ഇന്ത്യ ടുഡേ പറയുന്നത്. ജെഡിഎസിന് ശക്തി കേന്ദ്രങ്ങളിൽ അടിപതറി പരമാവധി 20 സീറ്റുകളിൽ ഒതുങ്ങുമെന്നും എക്സിറ്റ് പോൾ പറയുന്നു. സീ ന്യൂസ് സർവെയിലും കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന് തന്നെയാണ് ഫലം. കോൺഗ്രസ് 118, ബിജെപി 94, ജെഡിഎസ് 33 എന്നിങ്ങനെയാണ് പരമാവധി സീറ്റുകൾ പ്രവചിക്കുന്നത്.ടിവി നയൻ പോൾസ്ട്രാറ്റും, ടിവി നയൻ സീ വോട്ടറും നടത്തിയ സർവേകളിൽ. കോൺഗ്രസ് കർണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ബിജെപി 100 സീറ്റ് കടക്കില്ലെന്നും ഇരു സർവെകളും പറയുന്നു. ജെ ഡി എസിന് നിലവിലെ ശക്തിയുണ്ടാകില്ല എന്ന് തന്നെയാണ് സർവേ ഫലങ്ങൾ. പക്ഷേ നിർണായക ശക്തിയാകാൻ ജെ ഡി എസിന് കഴിയുമെന്നാണ് രണ്ട് സർവേകളും പ്രവചിക്കുന്നത്.
സുവർണ്ണയും സി മാട്രിസും ഫലം പ്രവചിക്കുന്ന എക്സിറ്റ് പോളിൽ ബിജെപി ഭരണം തുടരുമെന്ന് തന്നെയാണ് സൂചന നൽകുന്നത്. സി മാട്രിസ്, ബിജെപിക്ക് 114 കോൺഗ്രസിന് 84 ഉം സീറ്റുകൾ ഉണ്ടാകുമെന്ന് പറയുന്നു. 117 സീറ്റുകൾ നേടി ബി.ജെ.പി സുരക്ഷിതമായ ഭൂരിപക്ഷം നേടുമെന്നാണ് സുവർണ പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോളിലും 108 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് പ്രവചനം.