കർണാടകയിലെ രാമനഗര ജില്ലയുടെ പേര് മാറ്റി സർക്കാർ
|മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് പുനർനാമകരണത്തിനുള്ള തീരുമാനമെടുത്തത്.
ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ. 'ബെംഗളൂരു സൗത്ത്' എന്നാണ് പുതിയ പേര്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് പുനർനാമകരണത്തിനുള്ള തീരുമാനമെടുത്തത്. നിയമ-പാർലമെൻ്ററികാര്യ മന്ത്രി എച്ച്.കെ പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. രാമനഗരത്തിന്‍റെ ഭാവി വികസനങ്ങള്‍ ഉദ്ദേശിച്ചാണ് ഈ പേര് മാറ്റം.
'രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. അവിടുത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതിനുള്ള നടപടികൾ റവന്യൂ വകുപ്പ് ആരംഭിക്കും. ജില്ലയുടെ പേര് മാത്രമേ മാറൂ. ബാക്കിയെല്ലാം പഴയപടി തുടരും'- മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാമനഗര, മഗാഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകൾ ഉൾപ്പെടുന്ന രാമനഗര ജില്ലയെ 'ബെംഗളൂരു സൗത്ത്' എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശം അടുത്തിടെ ഉയർന്നുവന്നിരുന്നു. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍, എം.എല്‍.എമാർ അടക്കമുള്ള സംഘമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. തുടർന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചു.
നേരത്തെ രാമനഗരം, ബെംഗളുരു സിറ്റി, ദോദ്ദബല്ലാപ്പൂര്‍, ദേവനഹള്ളി, ഹോസ്‌കോട്ടെ, കനകപുര, ഛന്നപട്ടണം, മഗാഡി തുടങ്ങിയ സ്ഥലങ്ങൾ ബെംഗളുരു ജില്ലയുടെ ഭാഗമായിരുന്നു. എന്നാല്‍ ഭരണസൗകര്യത്തിനായി ബെംഗളൂരു അർബൻ, ബെംഗളൂരു റൂറല്‍, രാമനഗര ജില്ലകളായി ഇതിനെ വിഭജിക്കുകയായിരുന്നുവെന്ന് ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
'ബെംഗളൂരു ആഗോളതലത്തില്‍ അറിയപ്പെടുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ ഈ പേരുമാറ്റം അനിവാര്യമാണ്. പേരുമാറ്റം ഈ പ്രദേശങ്ങള്‍ക്കെല്ലാം വലിയ വികസനമുണ്ടാകും. വ്യവസായങ്ങളെ ഇങ്ങോട്ട് ക്ഷണിക്കാനാകും. വസ്‌തുവിന്‍റെ വില വര്‍ധിക്കും. ആന്ധ്രയും തമിഴ്‌നാടുമാണ് ബെംഗളുരുവിന്‍റെ രണ്ട് അതിര്‍ത്തി പ്രദേശങ്ങള്‍. തുംകൂര്‍ മാത്രമാണ് ഈ മേഖലയില്‍ വികസിക്കാനുള്ളത്. പുതിയ ജില്ല ഉണ്ടാക്കുകയല്ല, മറിച്ച് പഴയ ജില്ലയുടെ പേര് മാറ്റുക മാത്രമാണ് ചെയ്തത്'- ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.